മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

ഹൈദരാബാദ്  : ബൊളാരം മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും മോഷ്ടിച്ച സംഭവത്തിൽ മുൻ സൈനിക ഹവിൽദാർ അറസ്റ്റിൽ. നാഗർകുർണൂൽ സ്വദേശി ഉപ്പുത്തോള മല്ലേഷ് ആണ് അറസ്റ്റിലായത്.

അച്ചടക്കലംഘനത്തെയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് കഴിഞ്ഞ ജൂണിൽ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാൾ പ്രതികാരബുദ്ധിയോടെയാണ് കവർച്ച നടത്തിയത്. എകെ-203 റൈഫിളുകൾ, ഇൻസാസ് റൈഫിൾ, പിസ്റ്റളുകൾ, നൈറ്റ് വിഷൻ ബൈനോക്കുലർ, ആയിരത്തിലധികം വെടിയുണ്ടകൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരമാണ് ഇയാൾ മിലിട്ടറി ക്യാമ്പിൽ നിന്ന് മോഷ്ടിച്ചത്.

തെലങ്കാന പോലീസും മിലിട്ടറി ഇന്റലിജൻസും ചേർന്ന് നടത്തിയ പത്ത് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി വലയിലായത്.

ഓഗസ്റ്റ് 30-ന് രാത്രി സെക്യൂരിറ്റി ക്യാമറകൾ ഇല്ലാത്ത ഇടങ്ങൾ മനസ്സിലാക്കി ക്യാമ്പിൽ അതിക്രമിച്ച് കയറിയാണ് പ്രതി ആയുധങ്ങൾ കവർന്നത്. മോഷ്ടിച്ച ആയുധങ്ങൾ ആദ്യം ഇരുചക്രവാഹനത്തിലും പിന്നീട് സ്വന്തം കാറിലുമാക്കി ഇയാൾ നാഗർകുർണൂലിലെ സ്വന്തം ഗ്രാമത്തിലേക്ക് കടത്തുകയായിരുന്നു. യാത്രയിലുടനീളം സംശയം തോന്നാതിരിക്കാൻ കാറിൽ ലിഫ്റ്റ് ചോദിച്ച യാത്രികരെ കയറ്റിയാണ് ഇയാൾ സഞ്ചരിച്ചത്. ആയുധങ്ങൾ സ്വന്തം പുരയിടത്തിൽ വൈക്കോലിനടിയിലും മണ്ണിലും കുഴിച്ചിട്ട് ഒളിപ്പിക്കുകയാണ് ഇയാൾ ചെയ്തത്.

ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തിൽ സഹകരിക്കാതിരുന്ന മല്ലേഷിനെ, കേസിലെ ഗൗരവം ബോധ്യപ്പെടുത്തി ഭാര്യയുടെയും ബന്ധുക്കളുടെയും സമ്മർദ്ദത്തെ തുടർന്നാണ് പോലീസ് കുടുക്കിയത്. തുടർന്ന് ഇയാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിപ്പിച്ചുവെച്ച മുഴുവൻ ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ആയുധങ്ങൾ മറ്റാർക്കെങ്കിലും വിൽക്കാനാണോ അതോ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ പോലീസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!