ബ്ലാങ്കറ്റുകളും കമ്പിളിപ്പുതപ്പുകളും അലമാരയുടെ ഉള്ളില്‍ തന്നെ ഇരിക്കേണ്ടി വരുമോ? ഈ ചോദ്യം ഇപ്പോള്‍ പ്രസക്തമാകുന്നത് ലോക കാലാവസ്ഥാ സംഘടനയുടെ പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ്. 2026ല്‍ ഇന്ത്യയില്‍ ശൈത്യകാലം ഉണ്ടാകില്ലേ എന്ന ആശങ്കയാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നത്. പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ടിരിക്കുന്ന അത്യന്തം വിനാശകരമായ ‘ഗോഡ്സില്ല എല്‍ നിനോ’ പ്രതിഭാസം 2027 ഫെബ്രുവരി വരെ അന്തരീക്ഷ താപനിലയെ കാര്യമായി സ്വാധീനിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ വളരെ അധികം ഉയരുന്ന പ്രതിഭാസമാണ് എല്‍ നിനോ. തെക്കേ അമേരിക്കന്‍ വന്‍കരയുടെ പടിഞ്ഞാറന്‍ തീരം, ഇക്വഡോര്‍, പെറു എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തീരം മുതല്‍ പസഫിക് സമുദ്രത്തിന്റെ മധ്യഭാഗം വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ സമുദ്രഭാഗമാണിത്. സാധാരണയായി തെക്കേ അമേരിക്കന്‍ തീരത്ത് തണുത്ത സമുദ്രജലപ്രവാഹമാണ് ഉണ്ടാകാറുള്ളത്.
എന്നാല്‍, എല്‍നിനോ സമയത്ത് കാറ്റിന്റെ ദിശ മാറുന്നതോടെ ഇന്തൊനേഷ്യന്‍ തീരത്തുനിന്നുള്ള ചൂടുവെള്ളം ഒഴുകിയെത്തി ഈ മധ്യ-കിഴക്കന്‍ മേഖല മുഴുവന്‍ അസാധാരണമായി ചൂടാകുന്നു. ഇത് ആഗോളതലത്തില്‍ത്തന്നെ മഴയുടെയും കാറ്റിന്റെയും താളം കീഴ്‌മേല്‍ മറിക്കുന്നു. ആഗോള കാലാവസ്ഥാ ചക്രത്തില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ചില പ്രദേശങ്ങളില്‍ അതികഠിന വരള്‍ച്ചയും മറ്റു ചിലയിടങ്ങളില്‍ പേമാരിയും പ്രളയവും സൃഷ്ടിക്കാന്‍ എല്‍നിനോയ്ക്ക് കഴിവുണ്ട്.
ഇത്തവണ സ്ഥിതി അതിഗുരുതരമാണ്. ഈ പ്രതിഭാസം 2027 ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുമെന്നാണ് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇതിനെ വിശേഷിപ്പിച്ചത് ‘സൂപ്പര്‍ സൈസ്ഡ്’ അഥവാ അതിഭീമാകാരമായ എല്‍ നിനോ എന്നാണ്. സമുദ്രത്തിനടിയിലെ താപനില പോലും സാധാരണയേക്കാള്‍ 8 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ഉയര്‍ന്നിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ഇന്ത്യന്‍ ശൈത്യകാലത്തിന് എന്ത് സംഭവിക്കും?
അതിശക്തമായ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ ശൈത്യകാലത്തെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026ന്റെ അവസാനത്തോടെയും 2027ന്റെ തുടക്കത്തിലും ഇന്ത്യയില്‍ തണുപ്പ് ഗണ്യമായി കുറയാനും, സാധാരണയില്‍ കവിഞ്ഞ ചൂട് അനുഭവപ്പെടാനുമുള്ള സാധ്യതയുണ്ട്. പസഫിക് സമുദ്രം ചൂടാകുമ്പോള്‍ അന്തരീക്ഷത്തിലെ വായുസഞ്ചാരത്തിന്റെ പാറ്റേണുകള്‍ മാറുന്നു.
ജെറ്റ് സ്ട്രീമിന്റെ സ്ഥാനത്തിനും വേഗതയ്ക്കും വ്യതിയാനം സംഭവിക്കുകയും ഹിമാലയന്‍ മേഖലകളില്‍നിന്ന് വടക്കേ ഇന്ത്യയിലേക്ക് വീശേണ്ട കൊടും തണുപ്പുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കാര്യമായി കുറയുകയും ചെയ്യുന്നു. എങ്കിലും, എല്‍ നിനോയുടെ തീവ്രത മാത്രം ഇന്ത്യയുടെ കാലാവസ്ഥ നിശ്ചയിക്കില്ലെന്നും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് ഉള്‍പ്പെടെയുള്ള ഘടകങ്ങളും ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വരാനിരിക്കുന്ന മാസങ്ങളില്‍ കടുത്ത ചൂടും അസാധാരണ കാലാവസ്ഥാ വ്യതിയാനങ്ങളും നേരിടാന്‍ രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്ന് കാലാവസ്ഥ സംഘടന സെക്രട്ടറി ജനറല്‍ സെലസ്റ്റെ സോളോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്‍നിനോ ശക്തമാകുമ്പോള്‍ ശൈത്യ ദിവസങ്ങളുടെ എണ്ണം ചുരുങ്ങുകയോ പൂര്‍ണമായും ഇല്ലാതാവുകയോ ചെയ്യും.
തണുത്ത കാറ്റിനെ തടഞ്ഞുനിര്‍ത്തിയും ഹിമാലയത്തിലെ മഞ്ഞുവീഴ്ചയെ കുറച്ചുംകൊണ്ടാണ് എല്‍നിനോ ഇന്ത്യയുടെ ശൈത്യകാലത്തിന്റെ തീവ്രത ഇല്ലാതാക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഭാവിയില്‍ നാം പ്രതീക്ഷിക്കുന്ന ഒരു ഭീഷണിയല്ല. മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തെയും കൃഷിയെയും നേരിട്ട് ബാധിക്കുന്ന യാഥാര്‍ഥ്യമായി മാറിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഗോഡ്‌സില്ല എല്‍നിനോ.
