‘167’ ദേവ്ദത്ത്, ’82’ രാഹുല്‍, ’51’ ജുറേല്‍; ഇന്ത്യ മികച്ച സ്‌കോറില്‍

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെന്ന നിലയില്‍. ദേവ്ദത്ത് പടിക്കല്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയുടേയും കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് ദേവ്ദത്ത് ഗാലെയില്‍ ഉയര്‍ത്തിയത്.

മഴയെ തുടര്‍ന്നു വൈകിയാണ് രണ്ടാം ദിനത്തിലെ പോരാട്ടം തുടങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 307ല്‍ നില്‍ക്കെ ഋഷഭ് പന്ത് പുറത്തായി. താരം 62 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്തു.

പിന്നാലെ ഒന്നാം ദിനത്തില്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ കെഎല്‍ രാഹുല്‍ തിരിച്ചെത്തി ബാറ്റിങ് പുനരാരംഭിച്ചു. എന്നാല്‍ താരം സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ വീണു. സ്‌കോര്‍ 319ല്‍ നില്‍ക്കുമ്പോഴാണ് രാഹുലിന്റെ മടക്കം. താരം 175 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 82 റണ്‍സെടുത്തു പുറത്തായി.

സ്‌കോര്‍ 357 റണ്‍സിലെത്തിയപ്പോഴാണ് ദേവ്ദത്തിന്റെ മടക്കം. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല താരത്തെ സ്റ്റംപ് ചെയ്തു മടക്കുകയായിരുന്നു. ശ്രീലങ്ക രണ്ട് ദിവസമായി മിനക്കെടുന്ന വിക്കറ്റാണ് അവര്‍ സ്വന്തമാക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ താരം 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. 230 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 167 റണ്‍സെടുത്തു നില്‍ക്കെയാണ് മിന്നും ഇന്നിങ്‌സിനു തിരശ്ശീല വീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!