കൊല്ലം: പ്രണയബന്ധത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി മരിച്ച നിലയിൽ. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് ഇരുവരും ശാസ്താംകോട്ട തടാകത്തിന് സമീപം എത്തിയത്. തുടർന്ന് തടാകത്തിൽ ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തടാകക്കരയിൽനിന്ന് ഇരുവരുടെയും ബാഗുകളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി രാജീവും അഭിരാമിയും തമ്മിൽ പ്രണയത്തിലായിരു ന്നുവെന്നാണ് വിവരം. ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് നേരത്തെ വിഷയത്തിൽ പൊലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അപ്പോഴും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ട് നൽകിയിരുന്നു.
എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ ഇരുവരെയും തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ഇരുവരും തടാകത്തിന് സമീപമെത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. മരണപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
