ഈ ലോകകപ്പിന്‍റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും

ദുബൈ: ഐസിസിയുടെ ടി20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. എട്ട് പേരടങ്ങുന്ന പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് സഞ്ജു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി, ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, ബാറ്റര്‍ ടിം സീഫെര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ വാന്‍ ഷാല്‍ക്‌വിക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

ടൂര്‍ണമെന്റില്‍ ആദ്യ മത്സരങ്ങളില്‍ ഇടം കണ്ടെത്താനാകാതെ പോയ സഞ്ജു തുടര്‍ച്ചയായി രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് നേടിയാണ് വന്‍തിരിച്ചു വരവ് നടത്തിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജു, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 50 പന്തില്‍ 97 റണ്‍സ് നേടി മികവ് തെളിയിച്ചു. ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 77.33 ശരാശരിയിലും 201.73 സ്‌ട്രൈക്ക് റേറ്റില്‍ 232 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം.

ഇന്നലത്തെ മിന്നുന്ന സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ വില്‍ ജാക്സും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ 176.56 എന്ന സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് നേടിയ ജാക്സ് ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ആറ് ഇന്നിങ്സുകളില്‍ നിന്ന് 383 റണ്‍സ് നേടിയ ഫര്‍ഹാന്‍ ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പട്ടികയില്‍ ഇടം നേടി. ഏഴ് മത്സരങ്ങളില്‍ നിന്ന് 7.19 എന്ന ഇക്കണോമി റേറ്റില്‍ 12 വിക്കറ്റുകള്‍ നേടിയ എന്‍ഗിഡിയും പട്ടികയിലുണ്ട്.

എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളും 286 റണ്‍സും നേടിയ നായകന്‍ മര്‍ക്രം, എട്ട് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സും 11 വിക്കറ്റുകളും വീഴ്ത്തി ബാറ്റിങ്ങിലും ബൗളിങ്ങലും തിളങ്ങിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, യുഎസ്എയുടെ വാന്‍ ഷാല്‍ക്‌വിക്ക് . എട്ട് മത്സരങ്ങളില്‍ നിന്ന് 274 റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ട്ട് എന്നിവരും പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!