തേനിയിൽ ജയിൽചാടിയ 17 പേരിൽ 13 പേർ പിടിയിൽ; കാട്ടിലൊളിച്ച പ്രതികളെ കണ്ടെത്തിയത് ഡ്രോൺ; 4 പേർക്കായി തിരച്ചിൽ…

തേനി (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽ നിന്ന് വാർഡന്മാരെ ആക്രമിച്ച് തടവുകാർ ചാടിപ്പോയ സംഭവത്തിൽ തിരച്ചിൽ തുടരുന്നു. ജയിൽ ചാടിയ 17 തടവുകാരിൽ 13 പേരെ പോലീസ് സംഘം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ജയിൽ ജീവനക്കാരെ വകുപ്പ് സസ്‌പെൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന ബാക്കി നാലു പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.മൂന്നാം ബ്ലോക്കിലെ ഒരു തടവുകാരന് അപസ്മാരം വന്ന് ആരോഗ്യനില വഷളായെന്ന് വ്യാജമായി ബഹളം വച്ചാണ് പ്രതികൾ ജയിൽ ഉദ്യോഗസ്ഥരെ പറ്റിച്ചത്.

വിവരമറിഞ്ഞ് വാതിൽ തുറന്ന അസിസ്റ്റന്റ് ജയിലറെയും സുരക്ഷാ ജീവനക്കാരെയും തടവുകാർ ചേർന്ന് ആക്രമിക്കുകയും അവരെ കീഴടക്കി പുറത്തുകടക്കുകയുമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ തടവുകാർ ജയിൽ വളപ്പിലെ മതിലും ചാടിക്കടന്നാണ് രക്ഷപ്പെട്ടത്. 200 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള തേനി തെക്കൻപട്ടിയിലെ സബ് ജയിലിൽ നിലവിൽ 334 തടവുകാരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവർക്കായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ച് തേനി ജില്ലയിലുടനീളം ശക്തമായ തിരച്ചിലാണ് നടത്തി വരുന്നത്.

ജയിലിന് പിൻവശത്തെ കാട്ടിൽ ഒളിച്ചിരുന്ന പ്രതികളെ ഡ്രോൺ ഉപയോഗിച്ചാണ് പോലീസ് സംഘം കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരു പ്രതിയെ യാത്രാമധ്യേ തടഞ്ഞുനിർത്തി പോലീസ് പിടികൂടി. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്നതിന്റെ തെളിവാണ് ജയിൽ ചാട്ടമെന്ന് ആരോപിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി. തടവുകാരുടെ എണ്ണം ജയിലിന്റെ ശേഷിയേക്കാൾ കൂടുതലായത് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായെന്നും ഇതിൽ ആഭ്യന്തര വകുപ്പിന്റെ വീഴ്ച വ്യക്തമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കുറ്റക്കാരായ ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.2019 ജനുവരിയിലാണ് തേനി സബ് ജയിൽ പ്രവർത്തനം ആരംഭിച്ചത്. 200 പേരെ ഉൾക്കൊള്ളാൻ പാകത്തിലുള്ള ജയിലിൽ 344 പേരെ ആയിരുന്നു പാർപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയായിരുന്നു പ്രതികളുടെ ജയിൽച്ചാട്ടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!