റബർ ബോർഡിൽ റിഫോംസ് ഉത്‌സവ് ‘ ടാപ്പ് ചെയ്യാതെ കിടക്കുന്ന റബ്ബർ തോട്ടങ്ങൾക്ക് പുനരുജ്ജീവനം; ‘INR Konnect’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

കോട്ടയം: ടാപ്പ് ചെയ്യാതെ കിടക്കുന്ന റബ്ബർ തോട്ടങ്ങൾക്ക് പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റബ്ബർ ബോർഡ് രൂപം നൽകിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘INR Konnect’ അവതരിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ‘റിഫോംസ് ഉത്സവ്’ പരിപാടിയുടെ ഭാഗമായി പുതുപ്പള്ളി റബ്ബർ ഗവേഷണ കേന്ദ്രത്തിൽ റബ്ബർ ബോർഡ് സംഘടിപ്പിച്ച ചടങ്ങിലാണ് വെബ് അധിഷ്ഠിത സംവിധാനം പരിചയപ്പെടുത്തിയത്.

പുതുതലമുറയെ കാർഷിക മേഖലയിലേക്കും വിശേഷിച്ച് കേരളത്തിന്റെ പ്രധാന നാണ്യവിളയായ റബ്ബർ കൃഷിയിലേക്കും ആകർഷിക്കുകയാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ റബ്ബർ ഉൽപാദനത്തിന്റെ വളർച്ചയിൽ പുതുതലമുറയെക്കൂടി പങ്കാളികളാക്കുക എന്ന വിശാലമായ ലക്ഷ്യവും പദ്ധതിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതുതലമുറ കാർഷിക മേഖലയിൽനിന്ന് അകന്നുപോകുന്ന പ്രവണതയാണുള്ളത്. ഇത് മറികടക്കാൻ ഇത്തരം നൂതന സംവിധാനങ്ങൾ സഹായിക്കും. സമാനമായ ഇടപെടലുകളിലൂടെ റബ്ബർ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 1.76 ലക്ഷം ഹെക്ടർ റബ്ബർ തോട്ടങ്ങൾ ടാപ്പ് ചെയ്യാതെ കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം തോട്ടങ്ങൾ ഏറ്റെടുത്ത് ടാപ്പിങ് പുനരാരംഭിക്കുന്നതിനും ഉൽപാദനക്ഷമമാക്കുന്നതിനും സഹായിക്കുകയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.

റബ്ബർ ബോർഡിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഈ ഡിജിറ്റൽ സംവിധാനം ഉൽപാദന മേഖലയിൽ വലിയ പരിവർത്തനത്തിന് വഴിയൊരുക്കുമെന്ന് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ പറഞ്ഞു. റബ്ബർ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഒരുമിച്ചെത്താനും പരസ്പരം ബന്ധപ്പെടാനും കഴിയുന്ന പൊതുവേദിയാണ് ‘INR Konnect’ എന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്‌സൈറ്റിലും പ്ലേ സ്റ്റോറിലും ലഭ്യമാകുന്ന ആപ്ലിക്കേഷനാണ് ‘INR Konnect’. റബ്ബർ കർഷകർ, ടാപ്പിങ് തൊഴിലാളികൾ, തോട്ടങ്ങൾ ഏറ്റെടുത്ത് ടാപ്പിങ് നടത്താൻ താൽപര്യമുള്ള ഏജൻസികൾ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. റബ്ബർ ടാപ്പിങ് സേവനം നൽകുന്നവർക്കും ആവശ്യമുള്ളവർക്കും ഡിജിറ്റലായി ഇതിന്റെ പ്രയോജനം നേടാം.

മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. റബ്ബർ കർഷകർക്ക് 100 രൂപയും ഏജൻസികൾക്ക് 1,000 രൂപയുമാണ് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ റബ്ബർ ബോർഡിന്റെ മേഖലാ ഓഫീസുകൾ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധനയ്ക്കുശേഷമാണ് വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുക.

ടാപ്പിങ് തൊഴിലാളികളുടെ കുറവ്, ടാപ്പിങ് ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ള ഏജൻസികളെയും തൊഴിലാളികളെയും തോട്ടമുടമകളുമായി ബന്ധിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ നിരവധി റബ്ബർ തോട്ടങ്ങൾ ടാപ്പിങ് നടത്താതെ കിടക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും പ്രകൃതിദത്ത റബ്ബർ മേഖലയിലെ തോട്ടമുടമകൾ, ടാപ്പർമാർ, ടാപ്പിങ് ഏജൻസികൾ എന്നിവർക്കിടയിൽ ഫലപ്രദമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുകയാണ് ‘INR Konnect’ ലക്ഷ്യമിടുന്നത്.

പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യങ്ങൾ, സവിശേഷതകൾ, പ്രയോജനങ്ങൾ എന്നിവ വിശദീകരിക്കുകയും ബന്ധപ്പെട്ടവരെ സംവിധാനം പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ബോധവത്കരണ പരിപാടിയുടെ ഉദ്ദേശ്യമെന്ന് റബ്ബർ ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ബോർഡ് ഉദ്യോഗസ്ഥൻ മനോജ് കുമാർ വി. ‘INR Konnect’ സംവിധാനം പരിചയപ്പെടുത്തി.

തുടർന്ന് നടന്ന ആശയവിനിമയത്തിൽ ടാപ്പർമാർ, റബ്ബർ ഉൽപാദക സംഘം പ്രതിനിധികൾ, റബ്ബർ അധിഷ്ഠിത സംരംഭകർ എന്നിവർ പങ്കെടുത്തു. ഷാജിമോൻ ജോസഫ്, വി.പി. ഫിലിപ്പ്, ഗോപകുമാർ സി., സനൽകുമാർ എന്നിവർ ആശംസകൾ നേർന്നു. റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. സിജു ടി. സ്വാഗതവും ജോയിന്റ് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ഷൈലജ കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!