വാഷിങ്ടൺ : കുട്ടികൾക്ക് യുഎസ് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ യുഎസ് പൗരത്വമോ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടാൻ യുഎസ് ഭരണകൂടം നീക്കം തുടങ്ങി. ജനനാവകാശ പൗരത്വത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നയത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് റിപ്പോർട്ട്.
നിലവിൽ കുട്ടിയുടെ പാസ്‌പോർട്ട് അപേക്ഷയിൽ മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണമെങ്കിലും കുടിയേറ്റ പദവി തെളിയിക്കുന്ന രേഖകൾ നിർബന്ധമല്ല. എന്നാൽ പുതിയ കരട് മാർഗനിർദേശപ്രകാരം ഇതിൽ മാറ്റം വരുത്താനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നീക്കം.
യുഎസിൽ ജനിച്ച കുട്ടിയുടെ പാസ്‌പോർട്ടിനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളോട് അവരുടെ പൗരത്വത്തിന്റെയോ നിയമപരമായ കുടിയേറ്റ പദവിയുടെയോ തെളിവ് ആവശ്യപ്പെടും. യുഎസ് പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, I-94 രേഖ, ഗ്രീൻ കാർഡ് തുടങ്ങിയ രേഖകൾ ഇതിനായി സമർപ്പിക്കേണ്ടിവരും.
മാതാപിതാക്കളുടെ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും കുട്ടിക്ക് യുഎസ് പൗരത്വത്തിന് അർഹതയുണ്ടോ എന്ന് നിർണയിക്കുക. ജനനാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
‘പ്രസവ ടൂറിസം’ തടയുന്നതും ട്രംപിന്റെ കുടിയേറ്റ നയത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ടൂറിസ്റ്റ്, ബിസിനസ് വീസകളിൽ ഗർഭിണികളായ വിദേശ പൗരന്മാർ യുഎസിലെത്തി കുട്ടികൾക്ക് പൗരത്വം നേടുന്ന സാഹചര്യം അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനനസമയത്ത് മാതാപിതാക്കളിൽ ഒരാൾ യുഎസ് പൗരനോ ഗ്രീൻ കാർഡ് ഉടമയോ ആയിരിക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവച്ച ട്രംപിന്റെ ആദ്യ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ നിയമപരമായ വെല്ലുവിളികൾ ഉയർന്നിരുന്നു. ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കുന്നതാണെന്ന വാദവും ഇതിനെതിരെ ഉയർന്നു.
