കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിൽ കാവലിനായി ഉപയോഗിച്ചിരുന്ന പൊലീസ് ജീപ്പ് നീക്കം ചെയ്തു. വാഹനം മാറ്റിയെങ്കിലും വീടിനു മുന്നിലെ പൊലീസ് കാവൽ തുടരും. പകരം സംവിധാനമൊരുക്കാതെ ജീപ്പ് മാറ്റിയതോടെ ഡ്യൂട്ടിയിലുള്ള പൊലീസുകാർ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.
കെഎൽ 01 ബിആർ 9569 നമ്പർ ജീപ്പാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ എആർ ക്യാംപിലെ പൊലീസുകാർ എത്തി കെട്ടിവലിച്ച് മാറ്റിയത്. ഏറെക്കാലമായി സ്റ്റാർട്ട് ചെയ്യാൻ കഴിയാത്ത നിലയിലായിരുന്ന വാഹനമാണ് നീക്കം ചെയ്തത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീടു കാണാനും ദൃശ്യങ്ങൾ പകർത്താനുമായി ആളുകൾ എത്തുന്നത് പതിവായതോടെയാണ് വീടിനു മുന്നിൽ ജീപ്പിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ഒരു ഷിഫ്റ്റിൽ ഇവിടെ ഡ്യൂട്ടിയിലുള്ളത്.
മഴയിലും രാത്രിയിലും ദുരിതം
ജീപ്പ് മാറ്റിയതോടെ മഴയുള്ള സമയത്ത് പൊലീസുകാർക്ക് വാഹനത്തിനുള്ളിൽ കയറിയിരിക്കാനുള്ള സൗകര്യവും നഷ്ടമായി. രാത്രികാല ഡ്യൂട്ടിയും കൂടുതൽ പ്രയാസകരമായെന്നാണ് വിവരം. റോഡരികിൽ മതിലിനോട് ചേർത്തായിരുന്നു ഇതുവരെ ജീപ്പ് നിർത്തിയിരുന്നത്. കണ്ണൂർ എആർ ക്യാംപിലെ രണ്ട് എസ്ഐമാരും ആറ് സിവിൽ പൊലീസ് ഓഫിസർമാരുമാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്നത്. വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് ഇവർ ഡ്യൂട്ടി ചെയ്തിരുന്നത്.
പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലെ സൗകര്യങ്ങൾ പൊലീസുകാർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ശുചിമുറി ആവശ്യങ്ങൾക്കായി സമീപത്തെ വീടുകളെയായിരുന്നു ആദ്യം ആശ്രയിച്ചിരുന്നത്. പിണറായിയിൽ പുതിയ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതോടെ ശുചിമുറി സൗകര്യത്തിനായി പൊലീസ് സ്റ്റേഷനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ വീടിന് ഏകദേശം 800 മീറ്റർ അകലെയാണ് പിണറായി പൊലീസ് സ്റ്റേഷൻ.
മുമ്പ് വീടിനു മുന്നിൽ എത്തിച്ചിരുന്ന പൊലീസ് ജീപ്പിൽ പാമ്പ് കയറിയതിനെ തുടർന്നാണ് മറ്റൊരു വാഹനം എത്തിച്ചത്. എന്നാൽ പുതിയ ജീപ്പും പിന്നീട് പ്രവർത്തനരഹിതമായി. പൊലീസ് ജീപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷന്റെ സുരക്ഷാ പുനഃപരിശോധനയ്ക്ക് ശേഷമുണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ മാസം കണ്ണൂരിലെത്തിയപ്പോൾ വ്യക്തമാക്കിയിരുന്നു.
കമ്മിഷന്റെ പുനഃപരിശോധനയുടെ അടിസ്ഥാനത്തിലാണ് ജീപ്പ് മാറ്റിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി പറഞ്ഞു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യം പിണറായി പൊലീസ് സ്റ്റേഷനിൽ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്റെ വീടിനു മുന്നിലെ പൊലീസ് ജീപ്പ് മാറ്റി, കാവൽ തുടരും… പൊലീസുകാർക്ക് വിശ്രമസൗകര്യമില്ല…
