ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ് രാജ്യത്തെ പ്രമുഖ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി ഉയര്‍ന്നുവരുമെന്ന് ഇന്ത്യാ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്താണ് വിജയ് ഇടംനേടിയിരിക്കുന്നത്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന് ടിവികെയിലെ ചില നേതാക്കള്‍ ഇതിനകം അഭിപ്രായപ്പെട്ടിരുന്നു.
തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന് ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇത്തരമൊരു മുന്‍നിരയിലേക്ക് വിജയ് എത്തുന്നത് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. 2024ല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ്, രാജ്യത്തെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തിനായി ജനങ്ങള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന മൂന്നാമത്തെ വ്യക്തിയായി മാറിയിരിക്കുന്നുവെന്നാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 9.2 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയായി വിജയ്‌യെ പിന്തുണച്ചു.
48.7 ശതമാനം വോട്ടോടെ നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. 27.1 ശതമാനം വോട്ടുനേടി രാഹുല്‍ ഗാന്ധി രണ്ടാമതുണ്ട്.
മമത ബാനര്‍ജി (2%), അഖിലേഷ് യാദവ് (1.7%), അരവിന്ദ് കെജ്രിവാള്‍ (1.2%) തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് വിജയ് പിന്നിലാക്കിയത്. പ്രതിപക്ഷ മുന്നണിയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ നേതാവ് ആരെന്ന് ചോദിച്ചപ്പോഴും വിജയ് മികച്ച മുന്നേറ്റം നടത്തി. 12.2 ശതമാനം പേരുടെ പിന്തുണയോടെയാണ് അദ്ദേഹം ഈ പട്ടികയിലും മുന്നിലെത്തിയത്. 29 ശതമാനം പിന്തുണ നേടിയ രാഹുല്‍ ഗാന്ധിയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്.
2024ല്‍ ടിവികെ രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങി വെറും രണ്ട് വര്‍ഷം കൊണ്ട് തമിഴ്‌നാട്ടില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞ വിജയ്‌യുടെ രാഷ്ട്രീയ വളര്‍ച്ച അതിവേഗത്തിലാണ്. നിലവില്‍ തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്. 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയ്‌യെ ദേശീയ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനുമുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്.
