ന്യൂഡല്‍ഹി: രാവിലെ പത്രം വായിക്കാന്‍ ഡല്‍ഹിയിലെ വസതിലെ പൂന്തോട്ടത്തില്‍ ഇരുന്ന ശശി തരൂര്‍ എംപിയുടെ മടിയിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. ഒരു കുരങ്ങനാണ് തരൂരിന്റെ മടിയില്‍ കയറി ഇരുപ്പുറപ്പിച്ചത്. കടിയേല്‍ക്കുമോ എന്ന് ഭയന്നെങ്കിലും ശാന്തനായി ഇരുന്നതിനാല്‍ പേടിച്ചില്ലെന്നാണ് തരൂര്‍ പറഞ്ഞത്.
അപ്രതീക്ഷിത അതിഥിയുമൊത്തുള്ള ഫോട്ടോ എക്‌സിലാണ് ശശി തരൂര്‍ പങ്കിട്ടത്.
”അസാധാരണ അനുഭവമാണ് ഉണ്ടായത്. പൂന്തോട്ടത്തില്‍ രാവിലെ പത്രം വായിക്കുമ്പോഴാണ് കുരങ്ങന്‍ എത്തിയത്. എന്റെ അടുത്തേയ്ക്ക് വന്ന് നേരെ മടിയില്‍ കയറി ഇരിക്കുകയായിരുന്നു. ഞാന്‍ നല്‍കിയ രണ്ട് വാഴപ്പഴം അവന്‍ കഴിച്ചു. എന്നെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങി. ഞാന്‍ മെല്ലെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. അവന്‍ ചാടി എഴുന്നേറ്റു”, തരൂര്‍ കുറിച്ചു. കുരങ്ങന്‍ മടിയിരുന്ന് ഉറങ്ങുന്നതും പഴം കഴിക്കുന്നതുമായ ഫോട്ടോകള്‍ക്കൊപ്പമാണ് കുറിപ്പ്.
കുരങ്ങന്‍ ആക്രമിക്കാതിരുന്നതില്‍ തരൂര്‍ ആശ്വാസം കൊള്ളുന്നുണ്ട്. കടി ഏല്‍ക്കുകയാണെങ്കില്‍ കുത്തിവെപ്പ് എടുക്കേണ്ടി വരുമോ എന്നതായിരുന്നു തരൂരിന്റെ ആശങ്ക.
പക്ഷേ, കുരങ്ങന്‍ ഉപദ്രവിച്ചില്ല. ശാന്തനായി ഇരിക്കുകയും പഴം കഴിക്കുകയും എഴുന്നേറ്റ് പോവുകയും ചെയ്തു. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. എത്ര അത്ഭുതകരമാണ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.