ന്യൂഡല്‍ഹി: മാതാ അമൃതാനന്ദമയി ദേവിയുമായുള്ള ആത്മബന്ധം പങ്കുവച്ച് സെയില്‍സ്ഫോഴ്സ് സിഇഒ മാർക്ക് ബെനിയോഫ്. തന്റെ ഗുരുവായ അമ്മയുടെ ഉപദേശമാണ് സെല്‍സ്ഫോഴ്സിന്റെ പിറവിക്ക് കാരണമായതെന്ന് അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോക പ്രശസ്ത കസ്റ്റമർ റിലേഷൻഷിപ്പ് മാനേജുമെന്റ് പ്ലാറ്റ്ഫോമാണ് സെയില്‍സ്ഫോഴ്സ്. നിലവില്‍ 24,800 കോടി ഡോളറിന്റെ മൂല്യം കമ്പനിക്കുണ്ട്.
1996-97 കാലത്ത് ഭാരതത്തില്‍ നടത്തിയ യാത്രയിലായിരുന്നു സെയില്‍സ്ഫോഴ്‌സ് എന്ന ആശയം മനസ്സില്‍ രൂപപ്പെട്ടതെന്ന് മാർക്ക് ബെനിയോഫ് പറഞ്ഞു. ഗുരുവായ മാതാ അമൃതാനന്ദമയി ദേവിയെ കാണുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യ സംയോജിപ്പിച്ച കൊണ്ടുള്ള തന്റെ ബിസിനസ് മോഡലിനെ കുറിച്ച് അമ്മയുമായി ദീർഘനേരം സംസാരിച്ചു.
‘ലോകത്തെ മാറ്റി മറിക്കാനുള്ള അന്വേഷണത്തില്‍, മോൻ ചുറ്റുമുള്ളവരെ മറക്കരുത്. ഏവരോടും ദയാപൂർവ്വം പെരുമാറുക’ അമ്മയുടെ ഈ വാക്കുകളാണ് എന്റെ ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങള്‍ക്കും പിറകില്‍ ബെനിയോഫ് വ്യക്തമാക്കി. അമ്മ നല്‍കിയ ഉപദേശത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് സെല്‍സ്ഫോഴ്സിനെ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയായി തീർക്കാൻ തീരുമാനിച്ചതെന്നും ബെനിയോഫ് കൂട്ടിച്ചേർത്തു. മാതാ അമൃതാനന്ദമയിയു മായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം അഭിമുഖത്തില്‍ വാചാലനാകുന്നുണ്ട്.
മാതാ അമൃതാനന്ദമയി തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സെയില്‍സ്ഫോഴ്സ് സിഇഒ മുമ്പും സംസാരിച്ചിട്ടുണ്ട്. 2020 ല്‍ യുകെയിലെ സണ്‍ഡേ മെയിലിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
