വാഴൂർ (കോട്ടയം) : നിർധന കുടുംബത്തിന് കൈത്താങ്ങായി പുണ്യം ട്രസ്റ്റ്. വീട് നിർമ്മാണം പൂർത്തിയാക്കാൻ ധനസഹായം കൈമാറി.
വൈക്കം ഇത്തിപ്പുഴ സ്വദേശി പരിത്തറ വീട്ടിൽ അമീഷ് മണി ഗുരുതരമായ ബ്രെയിൻ ട്യൂമർ ബാധിച്ച് രണ്ടു തവണ വെല്ലൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. നിലവിൽ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ തുടർചികിത്സയിലാണ്.
കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന അമീഷ് രോഗബാധിത നായതോടെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി വലിയൊരു തുക ചെലവഴിക്കേണ്ടിവന്നു. ഭാര്യ മഞ്ജുവിനും കുടുംബത്തിന്റെ സാഹചര്യങ്ങൾ മൂലം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
ലൈഫ് പദ്ധതിയിലൂടെ ലഭിച്ചുകൊണ്ടിരുന്ന വീടിന്റെ നിർമ്മാണം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. രോഗബാധിതനായ അമീഷ് നിലവിൽ ഈ പൂർത്തിയാകാത്ത വീട്ടിലാണ് കഴിയുന്നത്.
കുടുംബത്തിന്റെ ദയനീയമായ അവസ്ഥ മനസ്സിലാക്കിയ കോട്ടയം വാഴൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുണ്യം ട്രസ്റ്റ്, കുടുംബത്തെ ‘പുണ്യം ഭവനദാന പദ്ധതി’യിൽ ഉൾപ്പെടുത്തി. വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനാവശ്യമായധനസഹായം പുണ്യം ട്രസ്റ്റ് ട്രഷറർ ജി. രാജേഷ് കുടുംബത്തിന് കൈമാറി.
ഒരു കുടുംബത്തിന് സുരക്ഷിതമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന തിനൊപ്പം, ദുരിതകാലത്ത് അവർക്ക് ഒരു കൈത്താങ്ങാകുക എന്നതാണ് പുണ്യം ട്രസ്റ്റിന്റെ ലക്ഷ്യം.
നിർധന കുടുംബത്തിന് കൈത്താങ്ങായി വാഴൂർ പുണ്യം ട്രസ്റ്റ്, വീട് നിർമ്മാണം പൂർത്തിയാക്കാൻ ധനസഹായം കൈമാറി
