മുംബൈ: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ ഓറക്കിള്‍ ഈ മാസം വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി 21,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ രണ്ടാം സാമ്പത്തിക വര്‍ഷ പാദം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ഇതിന് മുന്‍പ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്ന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്്ച്ചറില്‍ കമ്പനിയുടെ വന്‍തോതിലുള്ള നിക്ഷേപം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാന്‍ കമ്പനി ശ്രമിക്കുന്നത്. പിരിച്ചുവിടേണ്ട ജീവനക്കാരെ കണ്ടെത്താന്‍ മാനജര്‍മാരോട് കമ്പനി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വെട്ടിച്ചുരുക്കല്‍ നടപ്പാക്കിയാല്‍ ചില ടീമുകളില്‍ വലിയ തോതിലുള്ള പിരിച്ചുവിടല്‍ സംഭവിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി 21,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് ഏകദേശം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 13 ശതമാനത്തിന് തുല്യമായിരുന്നു. നിലവില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1,41,000 ആണ്. വീണ്ടും പിരിച്ചുവിടല്‍ നടപ്പാക്കുന്നതോടെ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
വേഗത്തില്‍ വളരുന്ന എഐ വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഈ മേഖലയില്‍ കൂടുതല്‍ തുക ചെലവഴിച്ച് വരികയാണ് ഓറക്കിള്‍. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ വെട്ടിച്ചുരുക്കുന്ന നടപടി. 2026 സാമ്പത്തിക വര്‍ഷത്തില്‍ എഐയുമായി ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ച്ചറിനായി കമ്പനി ഏകദേശം 5570 കോടി ഡോളര്‍ ആണ് ചെലവഴിച്ചത്. ഈ നിക്ഷേപങ്ങള്‍ക്കായി 4300 കോടി ഡോളറാണ് കമ്പനി കടമെടുത്തിരിക്കുന്നത്.
