പാട്ടുകാരനായെത്തി, സംഗീത സംവിധായകനായി തിളങ്ങി; 59 വര്‍ഷത്തിനൊടുവില്‍ വിദ്യാധരന്‍ മാസ്റ്ററെത്തേടി പുരസ്‌കാരം

തിരുവനന്തപുരം : സംഗീത സംവിധായകനായും ഗായകനായും ഏറെ ശ്രദ്ധേയനായ വിദ്യാധരന്‍ മാസ്റ്ററെ തേടി ഒടുവില്‍ സംസ്ഥാന പുരസ്‌കാരമെത്തി. അതും 79-ാം വയസ്സില്‍. സിനിമയിലെത്തി 40 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനസര്‍ക്കാരിന്റെ ആദ്യ പുരസ്‌കാരം മാസ്റ്ററെ തേടിയെത്തുന്നത്. മികച്ച പിന്നണി ഗായകന്‍ എന്ന പുരസ്‌കാരം. ജനനം 1947 പ്രണയം തുടരുന്നു എന്ന സിനിമയിലെ പതിരാണെന്ന് ഓര്‍ത്തൊരു കനവില്‍ എന്ന ഗാനത്തിനാണ് വിദ്യാധരന്‍ മാസ്റ്റര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.

വിദ്യാധരന്‍ മാസ്റ്റര്‍ സിനിമയില്‍ വന്നത് തന്നെ പാട്ടുകാരനായാണ്. 1965 ല്‍ റിലീസായ ‘ഓടയില്‍ നിന്ന്’ എന്ന സിനിമയിലൂടെ ദേവരാജന്‍ മാസ്റ്റര്‍ ആണ് വിദ്യാധരനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആദ്യം പാടിയത് മെഹബൂബിന് ഒപ്പം ‘ഓ റിക്ഷാവാലാ’ എന്ന ഗാനം. 1984ല്‍ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു.

ഈ സിനിമയിലെ ‘കല്‍പ്പാന്തകാലത്തോളം, കാതരേ നീയെന്മുന്നില്‍’ എന്ന ഗാനം ഒരു തവണയെങ്കിലും മൂളാത്ത സംഗീതപ്രേമിയുണ്ടാകില്ല. യേശുദാസിന്റെ മധുരമായ ശബ്ദത്തിലുള്ള ഈ പാട്ട് ഈപ്പോഴും കാലാതിവര്‍ത്തിയായി നില്‍ക്കുന്നു. വീണ പൂവിലെ ‘നഷ്ടസ്വര്‍ഗങ്ങളേ…’, അച്ചുവേട്ടന്റെ വീട്ടിലെ ‘ചന്ദനം മണക്കുന്ന പൂന്തോട്ടം…’, കാണാന്‍ കൊതിച്ചു എന്ന സിനിമയിലെ ‘സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം’ തുടങ്ങിയ ഗാനങ്ങളുടേയും ശില്‍പ്പി വിദ്യാധരന്‍ മാസ്റ്ററാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!