ദോഹ: വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി ജോലി നേടിയ നഴ്‌സുമാരെ ഖത്തര്‍ പുറത്താക്കി. കഴിഞ്ഞ 6 മാസത്തിനിടെ ഇത്തരത്തില്‍ 27 പേരാണ് പിടിക്കപ്പെട്ടത്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് ഇവര്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.
ഉദ്യോഗാര്‍ഥികളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികള്‍ക്കിടെയാണ് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയത്. രജിസ്‌ട്രേഷന്‍, ലൈസന്‍സിങ് പ്രക്രിയയുടെ പ്രാരംഭ ഘട്ടങ്ങളിലാണ് യോഗ്യതാ രേഖകളുടെ പരിശോധന നടക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ പ്രൊഫഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. സാദ് അല്‍ കാബി പറഞ്ഞു.
അപേക്ഷകരുടെ പ്രാഥമിക സ്‌ക്രീനിങ് പ്രാരംഭ ഘട്ടത്തില്‍ തന്നെ വ്യാജ അപേക്ഷകള്‍ തിരിച്ചറിയാന്‍ സാധിക്കും. നല്‍കിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായി പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സ്ഥിരീകരണ പ്രക്രിയ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ പ്രാക്ടീഷണര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ഉയര്‍ന്ന നിലവാരം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഖത്തറില്‍ സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ഹെല്‍ത്ത് കാര്‍ഡില്ലാതെ തന്നെ താമസക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ രാജ്യം അടുത്തിടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ കേന്ദ്രീകൃതമാക്കിയിരുന്നു. താമസക്കാരുടെ ഹെല്‍ത്ത് നമ്പര്‍ അവരുടെ QID ഖത്തര്‍ ഐഡന്റിറ്റി കാര്‍ഡിനൊപ്പം ലഭ്യമാക്കും. ഈ വര്‍ഷം ഏപ്രിലില്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹമൂദ് ആണ് ഈ തീരുമാനം അറിയിച്ചത്.
