ന്യൂയോർക്ക്: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കടുത്ത സമ്മർദ്ദത്തിലാണെന്നും അധികം വൈകാതെ ഭരണകൂടം വീഴുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുഎൻ പൊതുസഭയിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ക്യൂബയിലെ ഭരണമാറ്റം തന്റെ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ട്രംപ് വ്യക്തമാക്കിയത്.
ക്യൂബയിൽ അടിസ്ഥാനപരമായ മാറ്റമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ട്രംപ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്യൂബ പൂർണമായും പരാജയപ്പെട്ട രാജ്യമായി മാറിയെന്നും വരും ദിവസങ്ങളിൽ വലിയ മാറ്റം സംഭവിക്കുമെന്നും ട്രംപ് പ്രസംഗത്തിൽ പറഞ്ഞു.
ക്യൂബയുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. റൂബിയോ ക്യൂബൻ വിഷയത്തിൽ ആഴത്തിലുള്ള ചർച്ചകളിലാണ്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ക്യൂബൻ പ്രതിനിധി സംഘം യുഎൻ പൊതുസഭാ ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാറില്ലയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസംഗത്തിനിടെ സദസ്സ് വിട്ടത്.
ക്യൂബയെക്കുറിച്ചുള്ള പരാമർശത്തിന് തൊട്ടുമുൻപ് ഇറാനെതിരെയും ട്രംപ് രൂക്ഷമായ പരാമർശം നടത്തിയിരുന്നു. ഇറാനെ ഇല്ലാതാക്കുമെന്ന തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ പ്രതിനിധി സംഘവും സമ്മേളന ഹാളിൽ നിന്ന് പുറത്തുപോയിരുന്നു. യുഎൻ വേദിയിൽ തന്നെ തുടർച്ചയായി ഉണ്ടായ ഈ പ്രതിഷേധനടപടികൾ ശ്രദ്ധേയമായി.
