പൊലീസ് ഉദ്യോഗസ്ഥൻ്റെ മൂക്കിൻ്റെ പാലം തകർത്തു… സഹോദരങ്ങൾ അറസ്റ്റിൽ

തിരുവനന്തപുരം : വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒമാർക്കാണ് പരിക്കേറ്റത്. പ്രതികൾ വിലങ്ങണിഞ്ഞ കൈകൊണ്ട് അടിച്ചതിനെ തുടർന്ന് സിപിഒ രാകേഷിന്‍റെ മൂക്കിന്‍റെ പാലം തകർന്നു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായാണ് വിവരം. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് വിനയകുമാറിന്‍റെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 4-ന് വെങ്ങാനൂർ സ്വദേശിയായ വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പൂങ്കുളം ജംഗ്ഷനിൽ കാർ തയാറാക്കി നിർത്തി തൃശൂരിലേക്ക് കടക്കാൻ ഇരുവരും ബൈക്കിൽ എത്തിയപ്പോഴാണ് പ്രത്യേക പൊലീസ് സംഘം തടഞ്ഞത്.

ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് വിനയകുമാറിന് നേരെ ആദ്യ ആക്രമണം ഉണ്ടായത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിപിഒ റെജിൻ നാട്ടുകാരുടെ സഹായത്തോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ ജീപ്പിൽ കയറ്റിയപ്പോഴും ആക്രമണമുണ്ടായി. കൂടുതൽ പൊലീസ് എത്തിയാണ് കസ്റ്റഡിയിലെടുത്തത്.പരിക്കേറ്റ പൊലീസുകാർ ചികിത്സതേടി. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!