കോട്ടയം : വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞ് തിരികെ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും മടങ്ങിച്ചെല്ലുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി അധികൃതർ. ആരോഗ്യരംഗത്തെ വിദഗ്ധരും ദുരന്തനിവാരണ വകുപ്പ് അധികൃതരുമാണ് മുന്നറിയിപ്പ് നൽകുന്നത്.
വെള്ളം ഇറങ്ങിയാലുടന്‍ തിരക്കിട്ട് വീടുകളിലോ കടകളിലോ പ്രവേശിക്കുന്നത് അപകടകരമായേക്കാം. വൈദ്യുതി-പാചകവാതക ചോര്‍ച്ച, കെട്ടിടങ്ങളുടെ ബലക്ഷയം, വിഷജന്തുക്കളുടെ സാന്നിധ്യം തുടങ്ങി ഒട്ടേറെ അപകട സാധ്യതകളാണ് പ്രളയശേഷം കാത്തിരിക്കുന്നത്. വീടുകളിലോ കടകളിലോ പ്രവേശിക്കുന്നതിനുമുമ്പ് വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
കൂടാതെ വയറിങും വൈദ്യുതോപകരണങ്ങളും പരിശോധിക്കാന്‍ ഇലക്‌ട്രീഷ്യന്റെ സഹായം തേടുന്നതാണ് സുരക്ഷിതം. കെട്ടിടത്തിന് വിള്ളലുകളോ ചുമരുകള്‍ക്ക് ബലക്ഷയമോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണം. പാചകവാതക സിലിണ്ടറുകളിലോ ഇതിന്റെ കുഴലുകളിലോ ചോര്‍ച്ചയില്ലെന്നും പരിശോധിച്ച് ഉറപ്പാക്കണം.
വെള്ളം ഇറങ്ങിയ വീടുകളിലും കെട്ടിടങ്ങളിലും പതിയിരിക്കുന്ന വിഷജന്തുക്കൾ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. പാമ്പുകള്‍, പാമ്പിന്‍ കുഞ്ഞുങ്ങള്‍, തേള്‍, പഴുതാര ഉള്‍പ്പെടെയുള്ള വിഷജന്തുക്കള്‍ കയറാന്‍ സാധ്യത ഏറെയാണ്. വീട്ടിനുള്ളിലെ ചെളിയില്‍ പൊട്ടിയ ചില്ല്, ആണികള്‍, മൂര്‍ച്ചയുള്ള കമ്പികള്‍ തുടങ്ങിയവ പുതഞ്ഞു കിടക്കാന്‍ ഇടയുണ്ട്. അതിനാല്‍ മുറിയില്‍ ഓരോ ഭാഗവും പരിശോധിച്ചിട്ടേ വൃത്തിയാക്കാന്‍ തുടങ്ങാവൂ.
വൃത്തിയാക്കുന്നവര്‍ ഗം ബൂട്ട്, കട്ടിയുള്ള റബര്‍ കയ്യുറ, മാസ്‌ക്, സുരക്ഷാ കണ്ണട, ശരീരം മൂടുന്ന വസ്ത്രം എന്നിവ ധരിക്കണം. കൈകാലുകളിലോ മറ്റു ശരീരഭാഗങ്ങളിലോ മുറിവുള്ളവര്‍ മലിനജലത്തില്‍ ഇറങ്ങരുത്. അബദ്ധത്തില്‍ മലിനജലം മുറിവില്‍ പറ്റിയാല്‍ ഉടന്‍ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകണം. ചെളിവെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
തിരികെ വീടുകളിലേക്ക് എത്തുമ്പോൾ വീട്ടിലെ വെള്ളവും ചെളിയും പമ്പ് ഉപയോഗിച്ചോ ബക്കറ്റ് ഉപയോഗിച്ചോ പൂര്‍ണമായി നീക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചീഞ്ഞ വസ്തുക്കള്‍, വെള്ളത്തില്‍ മുങ്ങിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉപേക്ഷിക്കണം. തുറന്ന പാക്കറ്റിലെ അരി, മാവ്, മസാലപ്പൊടികള്‍, പാല്‍പ്പൊടി തുടങ്ങിയവ ഉപയോഗിക്കരുത്. വെള്ളം കയറിയ മെത്ത, തലയിണ, കാര്‍ഡ് ബോര്‍ഡ്, തെര്‍മോകോള്‍, പൂപ്പല്‍ പിടിച്ച വസ്തുക്കള്‍ എന്നിവ ഒഴിവാക്കണം. മൃഗങ്ങളുടെയോ പക്ഷികളുടെയോ ജഡം കണ്ടാല്‍ കൈകൊണ്ട് എടുക്കാതെ സുരക്ഷിതമായി നീക്കം ചെയ്യണം.
ആദ്യം ശുദ്ധ ജലവും സോപ്പോ ഡിറ്റര്‍ജെന്റോ ഉപയോഗിച്ച് മേല്‍ക്കൂരക്കടുത്ത ഭാഗങ്ങളില്‍നിന്ന് താഴേക്ക് എന്ന രീതിയിലാണ് വീട് കഴുകേണ്ടത്. ചുമര്‍, വാതില്‍, ജനല്‍, നിലം, മേശ, പ്ലാസ്റ്റിക്-തടി ഫര്‍ണിച്ചര്‍ എന്നിവയിലെ ചെളി പൂര്‍ണമായി നീക്കിയ ശേഷം അണു നശീകരണം നടത്തണം. വീടിന്റെ നിലം, ചുമര്‍, വാതില്‍, ജനല്‍ തുടങ്ങിയവ അണുമുക്തമാക്കാന്‍ ഡിസിന്‍ഫെക്റ്റന്റ് ക്ലീനിങ് സൊല്യൂഷന്‍(ഡിസിഎസ് ലായനി) ഉപയോഗിക്കാം. ബ്ലീച്ചിങ് പൗഡറും സോപ്പു പൊടിയോ വാഷിങ് സോഡയോ ചേര്‍ത്താണ് ഈ ലായനി തയ്യാറാക്കുന്നത്.
കൂടാതെ അടുക്കളയുടെ ശുചീകരണവും പ്രധാനമാണ്. പ്രളയജലം തട്ടിയ എല്ലാ പാത്രങ്ങളും ആദ്യം സോപ്പും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകണം. തുടര്‍ന്ന് 10മുതല്‍ 15 മിനിറ്റുവരെയെങ്കിലും തിളപ്പിച്ച വെള്ളത്തില്‍ മുക്കി വെക്കണം. തിളപ്പിക്കാന്‍ കഴിയാത്ത പാത്രങ്ങള്‍ 50 പിപിഎം ക്ലേറിന്‍ ലായനിയില്‍ അര മണിക്കൂര്‍ മുക്കിവെക്കണം. വീണ്ടും ശുദ്ധ ജലത്തില്‍ കഴുകി ഉണക്കണം.
കുടിവെള്ള ടാങ്കിലെ മലിനജലം പൂര്‍ണമായും ഒഴുക്കിയ ശേഷം അടിഭാഗവും വശങ്ങളും ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചുരച്ച് വൃത്തിയാക്കണം. തുടര്‍ന്ന് ശുദ്ധജലം നിറച്ച് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണം. എല്ലാ ടാപ്പുകളും അഞ്ചു മിനിട്ടെങ്കിലും തുറന്നുവെച്ച് പൈപ്പുകളിലെ മലിനജലം ഒഴുക്കിക്കളയണം.പ്രളയബാധിത പ്രദേശങ്ങളില്‍ കുടിക്കാനും പാചകത്തിനും പല്ലുതേക്കാനും പാത്രം കഴുകാനുമെല്ലാം തിളപ്പിച്ച വെള്ളം ഉപയോഗിക്കണം. ക്ലോറിനേഷന്‍ നടത്തിയ വെള്ളമാണെങ്കിലും വീണ്ടും തിളപ്പിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.
മുറ്റത്തെ ചീഞ്ഞളിഞ്ഞ ഇലകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ ആദ്യം നീക്കണം. ശേഷം നീറ്റു കക്ക ഒരു കിലോയും ബ്ലീച്ചിങ് പൗഡര്‍ 250 ഗ്രാമും ചേര്‍ത്ത മിശ്രിതം വിതറണം. എന്നാല്‍ ഇത് വീട്ടിനകത്ത് നിലം ഉള്‍പ്പെടെ വൃത്തിയാക്കാനുള്ള ഡിസിഎസ് ലായനിക്ക് പകരമാവില്ല. വൃത്തിയാക്കലിന് ശേഷം പനി, ശക്തമായ തലവേദന, കണ്ണിന് ചുവപ്പ്, പേശിവേദന, ഛര്‍ദി, വയറിളക്കം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, മുറിവില്‍ ചുവപ്പോ വീക്കമോ പഴുപ്പോ ഉണ്ടാകല്‍, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകിക്കരുത്.
