ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയതിന് പിടിയിലായ യുവതി നവമാധ്യമങ്ങളിലെ താരം

കൊച്ചി : വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ കേസിൽ പിടിയിലായ യുവതി നവമാധ്യമങ്ങളിലെ താരം.

ഇൻസ്റ്റഗ്രാമില്‍ മാത്രം 13,000ല്‍ അധികം ആളുകൾ ഫോളോവേഴ്സ് ഉള്ള  യുവതിയാണ് തട്ടിപ്പിൻ്റെ പേരിൽ പോലീസിൻ്റെ പിടിയിൽ ആയത്.

കൊച്ചിയിലെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കണ്‍സള്‍ട്ടൻസി’ സിഇഒ കാർത്തിക പ്രദീപാണ് കഴിഞ്ഞ ദിവസം പിടിയിലായത്. യുക്രെയ്‌നില്‍ നിന്ന് എംബിബിഎസ് ബിരുദവും കാർത്തിക നേടിയിട്ടുണ്ട്.

കാർത്തികയുടെ റീല്‍സുകള്‍ക്കും വീഡിയോകള്‍ക്കും സിനിമാതാരങ്ങള്‍ അടക്കമുളളവരാണ് ആരാധകർ.

തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെൻട്രല്‍ പൊലീസാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും ജോലി നല്‍കിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയില്‍ സോഷ്യല്‍ വർക്കർ ജോലി നല്‍കാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നല്‍കിയത്. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി അഞ്ചുപേർ കാർത്തികയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രല്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോണ്‍ പറഞ്ഞു.

പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്‌താണ് കാർത്തിക പണം തട്ടിയതെന്നും പൊലീസ് അറിയിച്ചു. നൂറിലേറെ ഉദ്യോഗാർത്ഥികളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇവരില്‍ നിന്ന് മൂന്ന് മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് കാർത്തിക വാങ്ങിയിരുന്നത്

പെെസ തിരിച്ച്‌ ചോദിച്ച്‌ വിളിച്ച ആളോട് കാർത്തിക പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. ‘എനിക്ക് പറ്റിച്ച്‌ ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്?’- എന്നാണ് കാർത്തികയുടെ പുറത്തുവന്ന ശബ്ദരേഖയില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!