ആന്റോ അഗസ്റ്റിന്റെ വീട്ടിലെ 22 ക്യാമറകളിലും…

കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ 22 നിരീക്ഷണ ക്യാമറകളിലെയും ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് എക്സൈസ് കണ്ടെത്തൽ. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ തന്നെ എടുത്തുമാറ്റിയ നിലയിലാണെന്നും എക്സൈസ് അറിയിച്ചു.

ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന വിവരം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനാണ് ഡിവിആർ മാറ്റിയതെന്ന് സംശയിക്കുന്നതായി എക്സൈസ് പറയുന്നു.

അനുവദനീയമായതിൽ കൂടുതൽ മദ്യം വാഴവറ്റയിലെ വീട്ടിൽ സൂക്ഷിച്ചെന്ന കേസിലാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ വീട് തന്റെ പേരിലല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. 2022ൽ ബാങ്ക് നടപടിയിലൂടെ മറ്റൊരാൾ വസ്തു സ്വന്തമാക്കിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

അതേസമയം, പഞ്ചായത്ത് രേഖകളിലും വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള രേഖകളിലും വീടുമായി ആന്റോ അഗസ്റ്റിന് ബന്ധമുണ്ടെന്ന വിവരങ്ങൾ എക്സൈസ് ചൂണ്ടിക്കാട്ടുന്നു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളിൽ കൂടുതൽ പരിശോധന തുടരുകയാണ്. അതിനിടെ, വാഴവറ്റയിലെ വീട് നിർമാണച്ചട്ടങ്ങൾ പാലിക്കാതെയാണ് നിർമിച്ചതെന്ന കണ്ടെത്തലും എക്സൈസ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.

കേസിൽ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ട് ചോദ്യം ചെയ്യാനും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും ബത്തേരി കോടതി അനുമതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!