ടെഹ്റാൻ: യുഎസ് വീണ്ടും ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചാൽ ഗൾഫ് മേഖലയിലെ നിർണായക ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമാക്കി ശക്തമായ തിരിച്ചടി നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ടെഹ്റാന്റെ പ്രതികരണം.
ഇതിനിടെ, ആഗോള വ്യാപാരത്തിനും എണ്ണക്കയറ്റുമതിക്കും നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി. പേർഷ്യൻ ഉൾക്കടലിലേക്ക് പ്രവേശിക്കുന്ന കപ്പൽപാത ഇറാന്റെ നിയന്ത്രണത്തിലും പുറത്തേക്കുള്ള പാത ഒമാന്റെ നിയന്ത്രണത്തിലുമായുള്ള ക്രമീകരണമാണ് ചർച്ചയിലുള്ളത്. കരാർ ഉടൻ യാഥാർഥ്യമാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
കരാർ നിലവിൽ വന്നാൽ ജൂൺ 17-ന് നിലവിൽ വന്ന ഇറാൻ–യുഎസ് വെടിനിർത്തൽ കരാർ കൂടുതൽ ശക്തിപ്പെടുമെന്നും കഴിഞ്ഞ അഞ്ച് മാസമായി പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന് ശമനമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ചർച്ചകൾ മുന്നോട്ടുപോകുന്നതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി അറിയിച്ചു. വിഷയത്തിൽ അദ്ദേഹം ട്രംപുമായി ടെലിഫോൺ സംഭാഷണവും നടത്തി. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം അംഗീകരിക്കില്ലെന്ന അമേരിക്കയുടെ മുൻനിലപാടിൽ ചില ഇളവുകൾ വന്നിട്ടുണ്ടെന്ന സൂചനകളുണ്ടെങ്കിലും ചില സുപ്രധാന വിഷയങ്ങളിൽ അന്തിമ ധാരണ ഇനിയും ബാക്കിയാണെന്നാണ് യുഎസ് വൃത്തങ്ങൾ പറയുന്നത്.
അതേസമയം, ചെങ്കടലിൽ സൗദി അറേബ്യയുടെ ‘വഫ’ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ അവകാശപ്പെട്ടു. ചൊവ്വാഴ്ച ചെങ്കടലിൽ സ്ഫോടനത്തിൽ തകർന്ന ഇന്ത്യൻ ചരക്കുകപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെയുള്ള നാവികരെ യെമൻ തീരസേന രക്ഷപ്പെടുത്തിയിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ചാണ് കപ്പൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്നാണ് ചെങ്കടലിലെ ബാബുൽ മൻദിബ് കടലിടുക്കിൽ ഹൂതി വിമതർ സൗദി അറേബ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
