കാബൂള്‍ : ഇന്ത്യയ്ക്കു പിന്നാലെ പാകിസ്ഥാന് വെള്ളത്തില്‍ പണി നല്‍കി അഫ്ഗാനിസ്ഥാനും. കുനാര്‍ നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ച് ജലം തിരിച്ചുവിടാനുമുള്ള അഫ്ഗാന്‍ താലിബാന്റെ നീക്കം പാകിസ്ഥാനിലെ ജലപ്രതിസന്ധി കൂടുതല്‍ വഷളാക്കിയേക്കും. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവില്‍ വലിയ കുറവുണ്ടാകുകയും, ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്യും.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാകിസ്ഥാനിലേക്ക് സിന്ധു നദിയില്‍ നിന്ന് നല്‍കുന്ന ജലവിതരണം ഇന്ത്യ തടഞ്ഞിരുന്നു. പാകിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാതെ ജലവിതരണം പുനരാരംഭിക്കില്ലെന്ന് കഴിഞ്ഞദിവസം യുഎന്നിലും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പുതിയ പദ്ധതി പ്രഖ്യാപിച്ചതോടെ പാകിസ്ഥാനും അഫ്ഗാനും തമ്മിലുള്ള അസ്വാരസ്യം വര്‍ദ്ധിക്കാന്‍ കാരണമാകും. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ താലിബാന്‍ നേതൃത്വം അനുമതി നല്‍കിയതയാണ് വിവരം.
അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വികസനം മാത്രമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നാണ് അവരുടെ വിശദീകരണം. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്നും പാകിസ്ഥാനെ ഉപദ്രവിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ഡാം നിര്‍മിച്ച് നദിയുടെ ദിശമാറ്റി വിടാനാണ് അഫ്ഗാന്റെ തീരുമാനമെങ്കില്‍ അത് പാകിസ്ഥാന് കനത്ത തിരിച്ചടിയാകും. കാര്‍ഷിക മേഖലയ്ക്ക് പുറമേ പാകിസ്ഥാനില്‍ കുടിവെള്ളം, ജലവൈദ്യുത പദ്ധതി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വലിയതോതില്‍ പ്രയോജനപ്പെടുത്തുന്ന നദിയാണ് കുനാര്‍. ഇത് പാകിസ്ഥാന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ജലപ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കും. പാകിസ്ഥാനിലെ ചിത്രാല്‍ മേഖലയില്‍ ആരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കുനാര്‍, നന്‍ഗറാര്‍ മേഖലകളില്‍ കൂടി ഒഴുകി വീണ്ടും പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്ന നദിയാണ് കുനാര്‍.
