പൊലീസുകാരന്റെ മുഖത്തേക്ക് പുക ഊതി, എസ്ഐയുടെ കൈ പിടിച്ച് തിരിച്ചു; പ്രതി റിമാൻഡിൽ…

കോഴിക്കോട്: പട്രോളിങ് ഡ്യൂട്ടിക്കിടെ എസ്ഐയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് പരപ്പ കരിമറ്റം സ്വദേശിയും നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസിക്കുന്ന അദിത്ത് ജോസഫ് (28) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

സരോവരം ബിവറേജസ് ഔട്ട്ലെറ്റിന് സമീപം പൊതുസ്ഥലത്ത് മദ്യപാനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നടക്കാവ് എസ്ഐ എൻ. ലീലയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ് നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ റോഡരികിൽ പുകവലിച്ചുകൊണ്ടിരുന്ന അദിത്ത് ജോസഫിനെയും മറ്റൊരാളെയും പൊലീസ് ശ്രദ്ധിച്ചു.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇവരോട് സംസാരിക്കാൻ സമീപിച്ചപ്പോൾ അദിത്ത് ജോസഫ് ഉദ്യോഗസ്ഥൻ്റെ മുഖത്തേക്ക് പുക ഊതി. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന എസ്ഐയെ കാണാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അദിത്ത് വാഹനത്തിനരികിലെത്തി. അവിടെവച്ച് എസ്ഐ ലീലയുമായി വാക്കുതർക്കമുണ്ടാകുകയും പിന്നാലെ എസ്ഐയുടെ കൈ ബലമായി പിടിച്ച് തിരിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഇടത് കൈക്ക് പരുക്കേറ്റ എസ്ഐയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

അദിത്ത് ജോസഫിനെതിരെ നടക്കാവ്, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ നേരത്തെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!