‘ജനങ്ങളുടെ ഊർജസുരക്ഷയ്ക്കാണ് മുൻഗണന’; റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി യുഎസിലെ ഇന്ത്യൻ അംബാസഡർ

വാഷിങ്ടൺ : റഷ്യയിൽ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിനെ ന്യായീകരിച്ച് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര. രാജ്യത്തെ ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ ഇന്ധനവും മറ്റ് ഊർജസ്രോതസുകളും ഉറപ്പാക്കുന്നതി നാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഊർജ ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ക്വാത പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് പ്രതിനിധിസഭ പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ അംബാസഡറുടെ പ്രതികരണം.

അമേരിക്കയിലെ ആളോഹരി ഊർജ ഉപഭോഗത്തിന്റെ ഏകദേശം പത്തിലൊന്നാണ് ഇന്ത്യയിലേതെന്ന് ക്വാത്ര ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഊർജ ഉപഭോഗം വർധിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 140 കോടി ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ ശതമാനത്തിലധികവും പ്രകൃതിവാതകത്തിന്റെ ഏകദേശം പകുതിയും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ നിറവേറ്റുന്നത്. ആഗോള വിപണിയിൽ വിതരണം സംബന്ധമായ പ്രതിസന്ധികൾ ഉണ്ടായപ്പോഴും ആഭ്യന്തര ഉപഭോക്താക്കളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചതെന്ന് ക്വാത്ര പറഞ്ഞു.

ജനങ്ങൾക്ക് തടസ്സമില്ലാതെ, താങ്ങാനാകുന്ന നിരക്കിൽ ഊർജം ലഭ്യമാക്കുന്നത് സർക്കാരിന്റെ പ്രധാന ദേശീയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ഊർജവിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നത് തടയുന്നതിലും ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് പങ്കുണ്ടായിരുന്നുവെന്നാണ് ക്വാത്രയുടെ വിശദീകരണം.

അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യുഎസ് സ്വീകരിക്കുന്ന നിലപാടിനെ ചൈനയും എതിർത്തു. റഷ്യൻ എണ്ണയ്ക്ക് അധിക തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ചൈനയുടെ ഊർജ ആവശ്യകത, വ്യാപാര താൽപര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് രാജ്യത്തിന്റെ ഇറക്കുമതി തീരുമാനങ്ങളെടുക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!