ആലുവയിൽ കാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

കൊച്ചി : ആലുവയിൽ കാറിനകത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിന്റെ മൃതദേഹമാണ് ആലുവ ചൂർണിക്കരയുള്ള ഫ്ളാറ്റിന്റെ കോമ്പൗണ്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. 40കളിലാണ് പ്രായമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം.

ഫ്ളാറ്റിൽ മൂന്ന് മാസമായി അനില തോമസ് ഒറ്റയ്ക്കായിരുന്നു താമസം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരന്റെ ഉപയോഗി ക്കാതെ കിടന്ന കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് ടാക്സ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് കാർ ഏറെ നാളായി പാർക്കിങ് സ്ഥലത്ത് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അതിനാൽ ആരുടെയും ശ്രദ്ധ വണ്ടിയിലേക്ക് പോയിരുന്നില്ല.

വളർത്തുനായക്കൊപ്പം നടക്കാൻ പോകുന്നതൊഴിച്ചാൽ അയൽക്കാരുമായി അധികം സംസാരിക്കാത്ത വ്യക്തിയായിരുന്നു അനിതയെന്ന് അയൽവാസികൾ പറയുന്നു. ക്യാൻസർ രോഗത്തിനു ചികിത്സയിലായിരുന്ന ഇവർ മുൻപ് തിരുവനന്തപുരത്ത് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നതെന്ന് സമീപവാസികളോട് പറഞ്ഞിട്ടുണ്ട്.

സംഭവം ആത്മഹത്യയാണോ അതോ മറ്റ് ദുരൂഹതകൾ ഉണ്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയത് വൈകിട്ട് ആയതിനാൽ ഇന്ന് രാവിലെ മാത്രമേ ഇൻക്വസ്റ്റ് നടപടികൾ നടക്കൂ. കാറും പരിസരവും പൊലീസ് സുരക്ഷയിലാക്കി. ഇൻ‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതു വരെ മൃതദേഹം കാറിനുള്ളിൽ തന്നെയായിരിക്കും. അനില തോമസിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള നടപടികളും പൊലീസ് നടത്തുന്നുണ്ട്.



 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!