മുഖ്യമന്ത്രി വി ഡി സതീശൻ്റെ 2018ലെ വീഡിയോയുമായി ജെനീഷ് കുമാർ

കോന്നി: മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പ്രതിപക്ഷ വിമർശനങ്ങൾ നേരിടുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ 2018 പ്രളയകാലത്തെ വീഡിയോ പങ്കുവെച്ച് കെ യു ജെനീഷ് കുമാർ എംഎൽഎ.

നാട് വലിയ ദുരിതത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഒരു ജനപ്രതിനിധി എന്ന നിലയിൽ രാഷ്ട്രീയ ആരോപണങ്ങളും വിവാദങ്ങളും പരമാവധി ഒഴിവാക്കണമെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ പല കാര്യങ്ങളും കണ്ടില്ലെന്നു നടിക്കുകയും മൗനം പാലിക്കുകയും ചെയ്തു. എന്നാൽ ജനങ്ങളുടെ ദുരിതത്തിനിടയിലും ഉത്തരവാദിത്വമില്ലാത്ത സമീപനങ്ങളും രാഷ്ട്രീയ നാടകങ്ങളും ആവർത്തിക്കുമ്പോൾ എങ്ങനെ പ്രതികരിക്കാതിരിക്കുമെന്ന് ജെനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

വീഡിയോയിലുണ്ട് 2018 കാലത്തെ വി ഡി സതീശൻ എന്ന് പറഞ്ഞാണ് ജെനീഷ് വീഡിയോ പങ്കുവെച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ചോദ്യം ഉന്നയിച്ച നാട്ടുകാരനോട് തട്ടിക്കയറുന്നതായിട്ടാണ് വീഡിയോ.

താൻ ഇതിലും വലിയ പ്രളയങ്ങൾ കണ്ടിട്ടുള്ള ആളാണെന്നും 75,000ഓളം പേരെ തൻറെ മണ്ഡലത്തിലും പുറത്തുമായി ക്യാമ്പുകളിൽ താമസിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞിരുന്നു. ആദ്യത്തെ മൂന്ന് ദിവസം സർക്കാർ സഹായം എത്തുന്നതിന് മുൻപ് തന്നെ കടം വാങ്ങി ക്യാമ്പുകളിൽ സാധനങ്ങൾ എത്തിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സതീശൻ്റെ പഴയ വീഡിയോ ജെനീഷ് കുമാർ പുറത്ത് വിട്ടിരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ദുരന്തമേഖലകളിലെത്തും. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കും. 12 മണിക്ക് ആറൻമുളയിൽ ആയിരിക്കും ആദ്യ സന്ദർശനം.  ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാമ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെയാണ് പ്രദേശങ്ങൾ സന്ദ‌ർശിക്കാൻ വി ഡി സതീശൻ എത്തുന്നത്. റാന്നിയിൽ ഉൾപ്പെടെ വെള്ളമുയർന്നപ്പോൾ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയിൽ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും മുഖ്യമന്ത്രിക്കെതിരെ എൽഡിഎഫ് നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!