വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി സമഗ്രമായ കരാറിലെത്തുകയോ അല്ലെങ്കിൽ പൂർണമായി കീഴടങ്ങുകയോ ചെയ്താൽ മാത്രമേ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് അനുവദിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
അമേരിക്കയുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായാണ് ആശയവിനിമയമെന്നുമുള്ള ഇറാന്റെ വാദം ട്രംപ് തള്ളി. ചർച്ചകൾക്കായി ആദ്യം സമീപിച്ചത് ഇറാൻ തന്നെയാണെന്നും, കൂടിക്കാഴ്ചകൾക്കും തുടർസംവാദങ്ങൾക്കും ശേഷം പൊതുവേദിയിൽ നിലപാട് മാറ്റിയത് വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാൻ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ട്രംപ് വിമർശിച്ചു.
ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം തങ്ങൾക്കാണെന്ന ഇറാന്റെ അവകാശവാദവും ട്രംപ് നിഷേധിച്ചു. അമേരിക്കൻ നാവികസേനയുടെ ശക്തമായ വിന്യാസം നിലനിൽക്കുന്നതിനാൽ കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും ഫലത്തിൽ അമേരിക്കയുടെ കൈകളിലാണെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം.
അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലേക്ക് ഒന്നും എത്തില്ലെന്നും, ഉപരോധങ്ങളിൽ ഇളവ് ലഭിക്കണമെങ്കിൽ സമഗ്രമായ ധാരണയിലെത്തേണ്ടത് അനിവാര്യമാണെന്നും ട്രംപ് ആവർത്തിച്ചു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ സമ്മർദവും പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷവും തുടരുന്നതിനിടെ ഒമാൻ മധ്യസ്ഥശ്രമങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പരാമർശം.
