ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വിരമിച്ചു

ന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ സന്ദേശത്തിലാണ് താരം തന്‍റെ കളിജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

‘എല്ലാ തുടക്കത്തിനും ഒരു ഒടുക്കമുണ്ട്. സമയം വരുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോകുകയും വേണം. എന്‍റെ ബാറ്റിംഗിൽ ഞാനെപ്പോഴും ശരിയായ ടൈമിംഗിനെയാണ് ആശ്രയിച്ചിട്ടുള്ളത്. ഇന്ന് മുന്നോട്ട് പോകാനും വിരമിക്കൽ പ്രഖ്യാപിക്കാനും പറ്റിയ ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു,’ വീഡിയോയിൽ കണ്ണീരോടെ രഹാനെ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളിൽ ഒന്നായ 2020-21 ബോർഡർ-ഗവാസ്‌കര്‍ ട്രോഫി വിജയമാണ് രഹാനെ എന്ന ക്യാപ്റ്റന്‍റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന നിമിഷം. അഡ്‌ലെയ്‌ഡിലെ നാണക്കേടിന്‍റെ തകർച്ചയ്ക്ക് ശേഷം സ്ഥിരം ക്യാപ്റ്റൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ, പരിക്കുകളാൽ തളർന്ന ഇന്ത്യൻ ടീമിനെ നയിക്കാനുള്ള ചുമതല രഹാനെ ഏറ്റെടുത്തു. മെൽബണിൽ സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹം ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് 2-1 ന്‍റെ ചരിത്രപരമായ പരമ്പര വിജയം സമ്മാനിച്ചു.

ഇന്ത്യ കണ്ട മികച്ച വിദേശ പ്രകടനക്കാരിൽ ഒരാളായ രഹാനെ, കരിയറിൽ 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചു. അന്താരാഷ്ട്ര തലത്തിൽ 8,000-ത്തിലധികം റൺസ് അദ്ദേഹം അക്കൗണ്ടിലാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 12 സെഞ്ച്വറികൾ ഉൾപ്പെടെ 5,077 റൺസ് നേടി. ഓസ്‌ട്രേലിയയിൽ 42 ശരാശരിയിൽ 884 റൺസും, ദക്ഷിണാഫ്രിക്കയിൽ 37 ശരാശരിയിൽ 402 റൺസും നേടി കഠിനമായ വിദേശ സാഹചര്യങ്ങളിൽ ഇന്ത്യയുടെ രക്ഷകനായി താരം മാറി.

2015 ഏകദിന ലോകകപ്പ് സെമിഫൈനലിലും, 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും എത്തിയ ഇന്ത്യൻ ടീമുകളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ട്രിനിഡാഡിലായിരുന്നു രഹാനെയുടെ അവസാന അന്താരാഷ്ട്ര മത്സരം. പിന്നീട് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി രഞ്ജി ട്രോഫിയിൽ രണ്ട് സീസണുകൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ താരം അന്തിമ തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!