ബോര്‍ഡ്, കോര്‍പ്പറേഷൻ നിയമനങ്ങള്‍: യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ചുള്ള യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. ചര്‍ച്ചകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് കെ.പി.സി.സി ആയിരിക്കും.

സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ പിന്നിട്ടിട്ടും ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വൈകുന്നതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ അമര്‍ഷമുണ്ടായിരുന്നുവെങ്കിലും, മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ നിലവില്‍ സംയമനം പാലിക്കുന്നത്.

നിയമനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാണ് നടപടികള്‍ വൈകാന്‍ കാരണമെന്ന് സൂചനയുണ്ട്. നിയമനങ്ങള്‍ വൈകുന്നതില്‍ മുഖ്യമന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ചില പ്രധാന പദവികളുടെ കാര്യത്തില്‍ പ്രാഥമിക ധാരണയായിട്ടുണ്ടെന്നാണ് വിവരം.പി.ജെ. ജോസഫിന് മുന്നോക്ക ക്ഷേമ വകുപ്പും, എം.കെ. മുനീറിന് ഭരണപരിഷ്‌കാര കമ്മീഷനും, മാണി സി. കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നോര്‍ക്കയും, ജി. ദേവരാജന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനവും ലഭിച്ചേക്കുമെന്നാണ് സൂചന.

എന്നിരുന്നാലും, മറ്റ് പ്രമുഖ പദവികള്‍ക്കായുള്ള പിടിവലി മുന്നണിയില്‍ ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!