മാന്നാർ (ആലപ്പുഴ): നെൽച്ചെടികൾക്ക് വളമിടാൻ പോയ കർഷകനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.
മാന്നാർ പാവുക്കര രണ്ടാം വാർഡിൽ മുക്കാത്താരിൽ പങ്കജാക്ഷനാണ് (58) മരിച്ചത്.
പങ്കജാക്ഷൻ വീട്ടിലെത്താൻ വൈകിയതിനെത്തുടർന്ന് അന്വേഷിച്ചു പോയ ചെറുമകനാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ കുരട്ടിശ്ശേരി പാടശേഖരത്തിലെ അരിയോടിച്ചാൽ കണ്ണമ്പടവത്ത് പാടവരമ്പത്ത് മൃതദേഹം കണ്ടത്തിയത്.
കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വളത്തിന്റെ ചാക്കും വളം വിതറാനായി ഉപയോഗിക്കുന്ന ബക്കറ്റും സമീപത്ത് ഉണ്ടായിരുന്നു.
മാന്നാർ പൊലീസ് മേൽ നടപടി സ്വീകരിച്ച ശേഷം മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിലാസിനിയാണ് ഭാര്യ.
മക്കൾ: നിഷ, നീതു. മരുമക്കൾ: അജു, പരേതനായ ബിജു.