നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍, 263 പോളിങ് സ്റ്റേഷന്‍, 11 പ്രശ്ന സാധ്യതാ ബൂത്തുകള്‍…

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി (Nilambur by-election) തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും. ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വീട്ടില്‍ വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.

16 വരെ ഇത് തുടരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്നു ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്.

വനത്തിനുള്ളിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും.റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!