മയാമി: ഗോൾമഴ പെയ്ത അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ഫ്രാൻസിനെ 6–4ന് തകർത്ത ഇംഗ്ലണ്ട് ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. 1966ൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് മെഡൽ നേടുന്നത്. ആദ്യ പകുതിയിൽ നാല് ഗോളിന്റെ തകർപ്പൻ ലീഡ് നേടിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ ഫ്രാൻസ് ശക്തമായി വിറപ്പിച്ചു. കിലിയൻ എംബപെയുടെ നേതൃത്വത്തിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് മത്സരം ആവേശകരമാക്കിയെങ്കിലും, ബുകായോ സാക്കയുടെ പെനാൽറ്റി ഗോളും അവസാന നിമിഷങ്ങളിൽ ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളും ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഡെക്‌ലാൻ റൈസിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. 18-ാം മിനിറ്റിൽ എസ്രി കൊൻസ ഹെഡറിലൂടെ ലീഡ് ഇരട്ടിയാക്കി. 37-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇൻജുറി ടൈമിലും ബുകായോ സാക്ക ഗോൾ നേടി ഇംഗ്ലണ്ടിനെ 4–0ന്റെ സുരക്ഷിത ലീഡിലെത്തിച്ചു.
രണ്ടാം പകുതിയിൽ മറ്റൊരു മുഖമായിരുന്നു ഫ്രാൻസ്. 48-ാം മിനിറ്റിൽ മിച്ചൽ ഒലിസെയുടെ പാസിൽ കിലിയൻ എംബപെ ആദ്യ ഗോൾ നേടി. തുടർന്ന് ബ്രാഡ്‌ലി ബാർകോളയും എംബപെയും വീണ്ടും വലകുലുക്കിയതോടെ സ്കോർ 4–3 ആയി. ഇതോടെ മത്സരത്തിൽ തിരിച്ചുവരവ് സാധ്യമാകുമെന്ന പ്രതീക്ഷ ഫ്രാൻസിനുണ്ടായി.
എന്നാൽ 85-ാം മിനിറ്റിൽ ജെഡ് സ്പെൻസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബുകായോ സാക്ക ഗോളാക്കി ഹാട്രിക് പൂർത്തിയാക്കി. ഇൻജുറി ടൈമിൽ ഉസ്മാൻ ഡെംബലെ ഫ്രാൻസിനായി വീണ്ടും വലകുലുക്കിയെങ്കിലും, അവസാന നിമിഷത്തിൽ ജൂഡ് ബെല്ലിങ്ങാം നേടിയ ഗോൾ ഇംഗ്ലണ്ടിന്റെ വിജയം 6–4ന് ഉറപ്പിച്ചു.
ഹാട്രിക് നേടിയ ബുകായോ സാക്കയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയശില്പി. ഫ്രാൻസിനായി രണ്ട് ഗോൾ നേടിയ കിലിയൻ എംബപെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറുകയും ചെയ്തു. 22 ലോകകപ്പ് ഗോളുകളുമായി എംബപെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 21 ഗോളുള്ള ലയണൽ മെസ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ ലോകകപ്പിൽ 10 ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും എംബപെ മുന്നിലെത്തി. എട്ട് ഗോളുകളുമായി മെസ്സിയാണ് രണ്ടാം സ്ഥാനത്ത്.
