ഫിലഡൽഫിയ: ആദ്യ മത്സരത്തിലെ സമനിലയുടെ നിരാശ മറന്ന് ഫിഫ ലോകകപ്പിൽ ബ്രസീൽ തകർപ്പൻ തിരിച്ചുവരവ് നടത്തി. ഹെയ്റ്റിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. ഇരട്ടഗോളുമായി മത്തെയോസ് കൂന്യ തിളങ്ങിയപ്പോൾ വിനീഷ്യസ് ജൂനിയറും സ്കോർ പട്ടികയിൽ ഇടംപിടിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്രസീൽ 23-ാം മിനിറ്റിലാണ് ലീഡ് നേടിയത്. വിനീഷ്യസ് ജൂനിയറുടെ ഷോട്ട് ഹെയ്റ്റി ഗോൾകീപ്പർ ജോണി പ്ലാസിഡ് തടഞ്ഞെങ്കിലും തിരിച്ചുവന്ന പന്ത് കൂന്യ വലയിലെത്തിച്ചു.
ആത്മവിശ്വാസം നേടിയ ബ്രസീൽ ആക്രമണം തുടർന്നതോടെ 36-ാം മിനിറ്റിൽ കൂന്യ തന്റെ രണ്ടാം ഗോളും നേടി. ഡഗ്ലസ് സാന്റോസിന്റെയും വിനീഷ്യസിന്റെയും കൂട്ടായ നീക്കത്തിനൊടുവിൽ ലഭിച്ച പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് താരം ലീഡ് ഇരട്ടിയാക്കിയത്.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ബ്രസീലിന്റെ മൂന്നാം ഗോളും പിറന്നു. ലൂക്കാസ് പക്വേറ്റയുടെ മനോഹരമായ ത്രൂ പാസ് സ്വീകരിച്ച വിനീഷ്യസ് ജൂനിയർ ഹെയ്റ്റി പ്രതിരോധത്തെ മറികടന്ന് പന്ത് വലയിലെത്തിച്ചതോടെ ബ്രസീൽ 3-0ന് മുന്നിലെത്തി.
രണ്ടാം പകുതിയിലും ബ്രസീലിന്റെ ആധിപത്യം തുടർന്നു. എന്നാൽ ഹെയ്റ്റിയും ചില അവസരങ്ങൾ സൃഷ്ടിച്ചു. 63-ാം മിനിറ്റിൽ റിക്കാർഡോ ആഡെയുടെ ഹെഡർ ബ്രസീൽ ഗോൾകീപ്പർ അലിസൺ മികച്ച രീതിയിൽ രക്ഷപ്പെടുത്തി. 78-ാം മിനിറ്റിൽ എൻഡ്രിക് നേടിയ ഗോൾ ഓഫ്‌സൈഡ് കാരണം നിഷേധിക്കപ്പെട്ടു.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ റാഫിഞ്ഞ നേടിയ ഗോളും ഓഫ്‌സൈഡായി വിധിക്കപ്പെട്ടിരുന്നു. പിന്നീട് പരുക്കേറ്റ റാഫിഞ്ഞയ്ക്ക് പകരം റയാൻ കളത്തിലിറങ്ങി.
ആദ്യ പകുതിയിൽ നാല് ഓൺ-ടാർഗറ്റ് ഷോട്ടുകൾ പായിച്ച ബ്രസീൽ, ഹെയ്റ്റിക്ക് ഒരു ഷോട്ട് പോലും ഗോൾപോസ്റ്റിലേക്ക് തൊടുക്കാൻ അവസരം നൽകിയില്ല. സമഗ്ര ആധിപത്യത്തോടെ കളം നിറഞ്ഞ ബ്രസീൽ മൂന്ന് പോയിന്റുമായി ലോകകപ്പിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ഇന്ന് രാത്രിയിലെ മത്സരങ്ങൾ:
10.30 – നെതർലാൻഡ് – സ്വീഡൻ.
പുലർച്ചെ 1-30 – ജർമനി ഐവറി കോസ്റ്റ്.
നാളെ (ഞായറാഴ്ച)
രാവിലെ 5.30 – ഇക്വഡോർ – ക്യുറസാവോ.
രാവിലെ 9.30 – തുനീസിയ – ജപ്പാൻ
രാത്രി 9.30 – സ്പെയിൻ – സൗദി അറേബ്യ
രാത്രി 12.30 – ബെൽജിയം – ഇറാൻ
പുലർച്ചെ (തിങ്കളാഴ്ച) : യുറഗ്വായ് – കാബോ വെർദെ.
