സ്കൂ‌ളുകൾക്ക് അവധി നൽകണമെന്നാവശ്യപ്പെ ട്ട് വിദ്യാർത്ഥികൾ; മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

മലപ്പുറം : ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. അവധി നൽകണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ തന്നെ വിളിക്കുന്നുണ്ടെന്നും എന്നാൽ സ്കൂളുകൾക്ക് അവധി നൽകുമ്പോൾ അധ്യയന ദിവസങ്ങൾ കുറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവധി നൽകിയാൽ അതിന് പകരമുള്ള പ്രവൃത്തിദിവസങ്ങൾ കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രസീൽ ഫൈനലിൽ ഇല്ലാത്തതുകൊണ്ടാണോ അവധി നൽകാത്തത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തമാശരൂപേണയായിരുന്നു മന്ത്രിയുടെ മറുപടി. താൻ പരമ്പരാഗതമായി ബ്രസീൽ ആരാധകനാണെന്നും എന്നാൽ കഴിഞ്ഞ സീസണുകളിൽ അവരുടെ പ്രകടനം മോശമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജൂലൈ 20 തിങ്കളാഴ്ച പുലർച്ചെ 12:30-നാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടം. മത്സരം പുലർച്ചെ മൂന്ന് മണി വരെ നീളാൻ സാധ്യതയുള്ളതിനാൽ, തിങ്കളാഴ്ച രാവിലെ കുട്ടികൾ ക്ലാസിലിരുന്ന് ഉറങ്ങാൻ സാധ്യതയുണ്ടെന്നാണ് രക്ഷിതാക്കളും ഫുട്ബോൾ പ്രേമികളും ചൂണ്ടിക്കാണിക്കുന്നത്.

ഈ സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ ചില സ്വകാര്യ സ്കൂളുകൾ ഇതിനകം തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഫൈനൽ പ്രമാണിച്ച് സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനുവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!