പത്തനംതിട്ടയിൽ ഫയർഫോഴ്സ‌സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; അഗ്നിരക്ഷാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പത്തനംതിട്ട : തുലാപ്പള്ളി – ആലപ്പാട് ജംക്‌ഷനിൽ ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞ് അഗ്നിരക്ഷാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ (39) ആണ് അപകടത്തിൽ മരണപ്പെട്ടത്.

ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ഫയർഫോഴ്സ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയ ശേഷം തലകീഴായി മറിയുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ തമിഴ്‌നാട്ടിൽ നിന്നുമെത്തിയ ശബരിമല തീർഥാടകരുടെ വാഹനം പൂർണ്ണമായും തകർന്നു. കൂടാതെ വനംവകുപ്പിന്റെ ഒരു വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചിട്ടുണ്ട്. അപകടസമയത്ത് നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തിരുവല്ല സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വോളന്റിയർമാർ ഉൾപ്പെടെയുള്ളവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!