പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി; 70 അടി ഉയരമുള്ള മെസി ശിൽപം നീക്കാൻ തീരുമാനം

കൊൽക്കത്ത: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ 70 അടി ഉയരമുള്ള ഭീമൻ ശിൽപം സുരക്ഷാ കാരണങ്ങളാൽ നീക്കം ചെയ്യാൻ അധികൃതർ ഒരുങ്ങുന്നു. കൊൽക്കത്തയിലെ ലേക്ക് ടൗൺ പ്രദേശത്തെ വിഐപി റോഡിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപമാണ് നീക്കം ചെയ്യുന്നത്. അഞ്ച് മാസം മുൻപ് മെസിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഗോട്ട് ടൂർ’ പരിപാടിക്കിടെ അദ്ദേഹം തന്നെയായിരുന്നു ശിൽപത്തിന്റെ അനാച്ഛാദനം നിർവഹിച്ചത്. ലോകകപ്പ് ട്രോഫിയുമായി നിൽക്കുന്ന മെസിയുടെ രൂപമാണ് സ്വർണനിറത്തിൽ ശിൽപമായി ഒരുക്കിയിരിക്കുന്നത്.

ശക്തമായ കാറ്റ് വീശുമ്പോൾ ശിൽപം ആടിയുലയുന്നതായി പ്രദേശവാസികൾ പരാതി നൽകിയിരുന്നു. ഇത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്ന് ചൂണ്ടിക്കാട്ടിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഫൈബർ ഗ്ലാസും ഇരുമ്പും ഉപയോഗിച്ച് നിർമിച്ച ശിൽപത്തിന്റെ ഘടനയിൽ സുരക്ഷാ പോരായ്‌മകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. തിരക്കേറിയ റോഡിനും സബ്വേയ്ക്കും സമീപത്തായാണ് ശിൽപം സ്ഥിതി ചെയ്യുന്നത്. അതിനാൽ ശിൽപം പൊളിച്ചുമാറ്റുന്നതും സങ്കീർണമായ നടപടിയായിരിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

എത്രയും വേഗം സുരക്ഷിതമായ രീതിയിൽ ശിൽപം നിലവിലെ സ്ഥാനത്ത് നിന്ന് മാറ്റാനാണ് അധികൃതരുടെ ശ്രമം. എന്നാൽ ശിൽപം മറ്റൊരു സ്ഥലത്ത് പുനഃസ്ഥാപിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!