അരക്കെട്ടിൽ ഒളിപ്പിച്ചത് രണ്ടു കോടി രൂപയുടെ സ്വർണം; നെടുമ്പാശ്ശേരിയിൽ ദമ്പതികൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കസ്റ്റംസ് പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അബുദാബിയിൽ നിന്ന് ജൂലൈ 13-ന് എത്തിയ വിമാനത്തിൽ യാത്ര ചെയ്തെത്തിയ ഇരുവരെയും സംശയത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ ഇവർ ധരിച്ചിരുന്ന പാന്റിന്റെ അരക്കെട്ടിൽ തുന്നിച്ചേർത്ത നിലയിൽ സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി.

പിടിച്ചെടുത്ത മിശ്രിതത്തിൽ നിന്ന് ശുദ്ധീകരിച്ചാൽ 24 കാരറ്റ് സ്വർണം 1,353.92 ഗ്രാം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ വിപണിമൂല്യം ഏകദേശം 1.93 കോടി രൂപയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്‌ത കസ്റ്റംസ്, സ്വർണം എവിടെ നിന്നാണ് എത്തിച്ചതെന്നും ആരെ ലക്ഷ്യമിട്ടാണ് കടത്താൻ ശ്രമിച്ചതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!