രാമപുരം: രാമപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി രാമപുരം ബസ് സ്റ്റാന്റില്‍ ആനത്താറ ബില്‍ഡിങില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്.
ഒരുപറ്റം തൊഴിലാളികള്‍ രണ്ട് ചേരികളായി തിരിഞ്ഞ് കമ്പി വടിയുമായി ഏറ്റുമുട്ടിയ പ്പോള്‍ നിരവധി പേർക്ക് പരിക്ക് പറ്റുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാമപുരം പോലീസും നാട്ടുകാരും ഇടപെട്ടാണ് സംഘര്‍ഷം നിര്‍ത്തിച്ചത്.
നിരവധി റൂമുകളുള്ള ബില്‍ഡിങില്‍ മുഴുവനും 100 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഒരു റൂമില്‍ 20 ഓളം ആളുകളാണ് തിങ്ങി പാര്‍ക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് സംഘര്‍ഷമുണ്ടായപ്പോള്‍ തടയാനെത്തിയ രാമപുരം പോലീസ് എസ്‌ഐ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരണമടഞ്ഞിരുന്നു.
യാതൊരു മാനദണ്ഡവുമില്ലാതെ പഞ്ചായത്ത് നിയമങ്ങൾ പാലിക്കാതെ യാണ് പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ തിങ്ങി പാര്‍പ്പിച്ചിരിക്കു ന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഒരുമാസം 2000 രൂപയാണ് ഒരാളില്‍ നിന്ന് കെട്ടിടം ഉടമ വാങ്ങുന്നത്. കെട്ടിടത്തിന് സമീപത്തായി ഭക്ഷണം പൊതിഞ്ഞ് കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് ഈ പ്രദേശത്തുള്ളത്ത്.
വൃത്തിഹീനമായ ഈ സാഹചര്യം ഒഴിവാക്കണമെന്നും, ഇനിയും ഇവിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും അധികാരികളോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
