തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ വേറിട്ട പ്രതിഷേധം. പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും അർഹമായ നിയമനം നടക്കാത്തതിനാലാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് സമരം നടത്തിയത്. ലിസ്റ്റ് വന്ന് ഒരു വർഷം പിന്നിടുമ്പോഴും തങ്ങളുടെ നിയമനം പൂർണ്ണമായും അനിശ്ചിതത്വത്തിലാണെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ വീണ്ടും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം (2025) മെയ് 31-നാണ് എൽപി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. എന്നാൽ ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം പിന്നിടുമ്പോഴും നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടക്കുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന പരാതി. സംസ്ഥാനത്തെ പല ജില്ലകളിലും ഇതുവരെ ഒന്നാം റാങ്ക് ലഭിച്ചവർക്ക് പോലും നിയമന ഉത്തരവ് ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം അടിയന്തരമായി കുറയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് കൃത്യമായി പുനർവിന്യസിക്കണമെന്നും, അതിലൂടെ ഉണ്ടാകുന്ന വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇടതുപക്ഷ സർക്കാറിന്റെ അവസാന കാലത്തും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായി തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോഴും അനുകൂല നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലാതെ മണ്ണ് തിന്നുകൊണ്ടുള്ള അതിശക്തമായ സമരത്തിലേക്ക് ഉദ്യോഗാർത്ഥികൾക്ക് കടക്കേണ്ടി വന്നത്. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
