രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്

കണ്ണൂർ: രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. കണ്ണൂർ ആയിക്കരയിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.

ഇന്ന് പുലർച്ചെയായിരുന്നു യുവാവ് വീടിന് തീവെച്ചത്. സംഭവത്തിൽ മകൻ അഭിഷേകിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി കുടുംബം തന്നെ രംഗത്തെത്തിയിട്ടുണ്ട്. മകൻ അഭിഷേക് കടുത്ത ലഹരിയ്ക്ക് അടിമയാണെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

ഇടയ്ക്കിടെ ഭക്ഷണം കഴിക്കാൻ എന്ന വ്യാജേന മകൻ വീട്ടിൽ വന്ന് പണം വാങ്ങാറുണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. എന്നാൽ ആവശ്യപ്പെടുന്ന സമയത്ത് പണം നൽകിയില്ലെങ്കിൽ സ്വന്തം അമ്മയെ ക്രൂരമായി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് പോവുകയാണ് ഇയാളുടെ സ്ഥിരം പതിവെന്നും പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. ലഹരിക്കടിമയായ അഭിഷേകിന്റെ ഈ അതിക്രമങ്ങൾക്കെതിരെ മുൻപും പോലീസ് ഇടപെടുകയും ഇയാൾക്ക് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ പോലീസിന്റെ താക്കീതുകൾ വകവെയ്ക്കാതെ വീണ്ടും കുടുംബത്തിന് നേരെ അഭിഷേക് നിരന്തരം ആക്രമണങ്ങളും ഭീഷണികളും തുടരുകയായിരുന്നു. ഇയാളുടെ ഭീഷണിയും ഉപദ്രവവും ഭയന്ന് സ്വന്തം അനുജൻ അടക്കമുള്ള കുടുംബാംഗങ്ങൾ നിലവിൽ മറ്റൊരു വീട്ടിലാണ് അഭയം തേടി കഴിയുന്നത്.

ഇന്ന് പുലർച്ചയോടെ വീട്ടിലെത്തിയ അഭിഷേക് വീടിന്റെ ഒരു മുറിയ്ക്കാണ് ആദ്യം തീയിട്ടത്. തുടർന്ന് ഈ മുറിയിൽ നിന്നും താഴെയുള്ള മറ്റ് മുറികളിലേക്ക് വൻതോതിൽ തീ പടരുകയായിരുന്നു. തീപിടുത്തത്തിൽ വീട്ടുപകരണങ്ങൾ ഉൾപ്പെടെ വലിയ രീതിയിൽ നശിച്ചതായാണ് വിവരം. സ്വന്തം മകന്റെ ലഹരിബാധ്യതയിൽ വീടും സർവ്വതും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ ഈ വൃദ്ധരായ മാതാപിതാക്കൾ. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!