മണ്ണാർക്കാട്ട് പിതൃ സഹോദരിയെ 42-കാരൻ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട്ട് പിതൃ സഹോദരിയെ 42-കാരൻ വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാട് ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഊരിലെ മാധവിയാണ് (70) ക്രൂരമായി കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) ഒളിച്ചോടാൻ ശ്രമിക്കാതെ നേരെ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.

കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മാധവിയുടെ കഴുത്തിനായിരുന്നു ശശി വെട്ടിയത്. വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ മാധവിയെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്ക് അതീവ ഗുരുതരമായിരുന്നതിനാൽ ജീവന്‍ രക്ഷിക്കാനായില്ല. നിലവിൽ മാധവിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, കൊലപാതകം നടത്തിയ പ്രതി ശശിക്ക് കുറച്ചുകാലമായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. കീഴടങ്ങിയ പ്രതി ശശിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ വല്ലതുമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!