കൊച്ചി: വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി പരിസ്ഥിതി പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്.
എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വൈദ്യതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. കേരളത്തിന്റെ പവർഹൗസായ ഇടുക്കിയിലെയും എറണാകുളത്തെയും വൈദ്യുതി വിതരണ, ഉൽപ്പാദന, പ്രസരണ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളുടെ സഹകരണവും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതിയുടെ ദുരുപയോഗം കുറക്കേണ്ടതുണ്ട്. പകൽ സമയത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നതായി പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ, വൈദ്യുതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ യോഗത്തിൽ നിർദ്ദേശിച്ചു. ദുരുപയോഗങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ഉദ്യോഗസ്ഥർ കൂടുതൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
