തിരുവനന്തപുരം: മാനവീയം വീഥിയിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ തുടർന്നും നടത്താനുള്ള സൗകര്യം സാംസ്കാരിക വകുപ്പ് ഒരുക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. തിരുവനന്തപുരം മേയറുമായും സ്ഥലം എംഎൽഎയുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സർഗാത്മക ഇടങ്ങൾ സംരക്ഷിക്കുന്ന തുമായി ബന്ധപ്പെട്ട് കലാകാരന്മാർ ഉയർത്തിയ ആശങ്കകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.
കലാകാരന്മാർക്കൊപ്പവും ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പവുമാണ് സർക്കാരിന്റെ നിലപാടെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. മാനവീയം സാംസ്കാരിക കൂട്ടായ്മകളുടെ രജത ജൂബിലിയോടനുബന്ധിച്ച് ഗായിക പുഷ്പവതിയുടെ പരിപാടി നടത്താൻ തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നിഷേധിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
പരിപാടിക്കായി ആരും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നായിരുന്നു മേയർ വി.വി. രാജേഷിന്റെ വിശദീകരണം. മാനവീയം വീഥി ആർക്കും എന്തും നടത്താനുള്ള ഇടമല്ലെന്നും വീഥി സ്വകാര്യ സ്വത്താക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നുമായിരുന്നു മേയറുടെ നിലപാട്.
ഇതിനെതിരെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
