മൂലമറ്റം: കെഎസ്ആർടിസി ബസിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻതന്നെ ബസ് നിർത്തി യാത്രക്കാർ പുറത്തിറങ്ങി.
മൂലമറ്റത്ത് നിന്ന് ഏലപ്പാറ വാഗമൺ വഴി വെള്ളിയാഴ്ച രാവിലെ പീരുമേടിന് പോയ ബസ് 9 മണിയോടു കൂടി
ഡിസി കോളേജിന് സമീപം എത്തിയപ്പോഴാണ് സംഭവം.
ഫാൻ ബെൽറ്റ് പൊട്ടി വാഹനം ചൂടായതാണ് പുക ഉയരുവാൻ കാരണം. കുത്തനെയുള്ള കയറ്റം കയറി വന്ന ബസിൽ നിന്നും പെട്ടെന്ന് പുക ഉയരുകയായിരുന്നു. ഇതോടെ യാത്രക്കാർ ബഹളം വെച്ച് പരിഭ്രാന്തരായി. ബസ് നിർത്തിയതോടെ യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങി.
മൂലമറ്റം മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നവയാണ്. ഉയർന്ന പ്രദേശങ്ങളിലേക്ക് സർവീസ് നടത്താൻ പുതിയ ബസുകൾ അനുവദിച്ച് തരണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. അപകട സാധ്യതകൾ മുന്നിൽ കണ്ട് പഴയ ബസുകൾ നീക്കി പുതിയ ബസുകൾ അനുവദിക്കണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം.
