കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിലെ പന്തീരാങ്കാവ് ടോൾപ്ലാസയിൽ വാഹനങ്ങൾ ടോൾ വെട്ടിച്ചുപോകുന്നത് ഇനി കടുത്ത നിയമനടപടികളിലേക്ക്.
പ്രതിദിനം നൂറിലധികം വാഹനങ്ങളാണ് ഇത്തരത്തിൽ ടോൾ നൽകാതെ കടന്നുപോകുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 150 വരെയാകാറുണ്ട്. നിയമലംഘനം പതിവായതോടെ, ഇത്തരത്തിൽ ടോൾ വെട്ടിച്ച 78 വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ ടോൾപ്ലാസ അധികൃതർ ട്രാഫിക് പോലീസിന് കൈമാറിക്കഴിഞ്ഞു.
ശനിയാഴ്ച രാത്രി ടോൾ നൽകാതെ കടക്കാൻ ശ്രമിച്ച കാർ തടഞ്ഞ ജീവനക്കാരനെ ഇടിച്ച സംഭവം വലിയ കേസായി മാറിയിരുന്നു. എന്നാൽ ഈ സംഭവത്തിന് തൊട്ടുപിന്നാലെ ഞായറാഴ്ച ഉച്ചവരെ മാത്രം 33 വാഹനങ്ങൾ വീണ്ടും ടോൾ വെട്ടിച്ച് കടന്നുപോയതായി ടോൾപ്ലാസ മാനേജർ കെ.വി. റാഫി വ്യക്തമാക്കി. മുന്നിലുള്ള വാഹനം ഫാസ്‌ടാഗ് വഴി ടോൾ നൽകി കടന്നുപോകുന്ന ആ ചെറിയ ഇടവേള മുതലെടുത്താണ് തൊട്ടുപിന്നാലെയുള്ള വാഹനങ്ങൾ അമിതവേഗതയിൽ പാഞ്ഞുപോകുന്നത്. വാഹനം നിർത്താനായി സ്ഥാപിച്ചിട്ടുള്ള ബൂംബാരിയർ തട്ടിമാറ്റിയാണ് ഇവരുടെ പോക്ക്. ബാരിയർ തട്ടി കാറുകൾക്ക് കേടുപറ്റുന്നതു കൊണ്ട് സ്റ്റീൽ ബാരിയറുകൾ മാറ്റി ഇപ്പോൾ പി.വി.സി പൈപ്പുകളാണ് ഇവിടെ ഉപയോഗിക്കുന്നത്.
നേരത്തെ ടോൾ നൽകാൻ തയ്യാറാകാത്ത വാഹനങ്ങൾ ജീവനക്കാർ തടഞ്ഞുനിർത്താറുണ്ടായിരുന്നു. എന്നാൽ ഇത് ടോൾപ്ലാസയിൽ വലിയ വാഹനക്കുരുക്കിനും നിരന്തരമായ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത്തരം തർക്കങ്ങളുടെ പേരിൽ മാത്രം ഒരു മാസം 200 പരാതികൾ വരെ പോലീസിൽ നൽകേണ്ടി വന്നിട്ടുണ്ട്. ഫാസ്‌ടാഗിൽ ബാലൻസ് ഇല്ലാത്തവർ പരിശോധനയുടെ പേരിൽ സമയം വൈകിപ്പിക്കുന്നതും പതിവായതോടെയാണ് തടഞ്ഞുനിർത്തൽ അവസാനിപ്പിച്ച്, നിയമലംഘകരുടെ വിവരങ്ങൾ നേരിട്ട് പോലീസിന് കൈമാറാൻ അധികൃതർ തീരുമാനിച്ചത്. സാധാരണ ദിവസങ്ങളിൽ പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ വാഹനങ്ങളാണ് പന്തീരാങ്കാവ് വഴി കടന്നുപോകുന്നത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ ഇത് നാൽപ്പതിനായിരമായി ഉയരാറുണ്ട്.
ശ്രദ്ധിക്കുക….
ഇത്തരത്തിൽ ടോൾ വെട്ടിച്ച് കടന്നുപോകുന്നവരിൽ നിന്ന് കൃത്യമായ ടോൾ തുകയ്ക്ക് പുറമെ 1000 രൂപ പിഴയും ഈടാക്കുന്നതായിരിക്കും.
