കൊച്ചി : മുഖ്യമന്ത്രി വി.ഡി. സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എം.എൽ.എമാർക്കും കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണം. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയത് ശ്രദ്ധേയമായി. നടൻ കുഞ്ചാക്കോ ബോബനും ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രി സതീശനെ പൊന്നാട അണിയിച്ച് ആദരിച്ച മമ്മൂട്ടി, മികച്ച നേതൃത്വം നൽകാൻ അദ്ദേഹത്തിന് ആശംസകൾ നേർന്നു. താൻ പഠിച്ച കോളജിൽ തന്നെയാണ് സതീശനും പഠിച്ചതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, സിനിമയിൽ കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ മുഖ്യമന്ത്രിയാകുന്നത് വലിയ ഉത്തരവാദിത്വവും വെല്ലുവിളിയും നിറഞ്ഞ ദൗത്യമാണെന്ന് പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് നയിക്കേണ്ട വലിയ ചുമതലയാണ് സതീശന്റെ ചുമലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ്, എം.എൽ.എ.മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ഉമാതോമസ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടൻ എന്നിവർക്ക് സ്വീകരണം നൽകും. ജില്ലയിൽ നിന്നുള്ള ആറന്മുള എം.എൽ.എ. അബിൻ വർക്കി, പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടി എന്നിവർക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമായി തന്റെ നിയോജകമണ്ഡലമായ പറവൂരിൽ എത്തുന്ന വി.ഡി. സതീശന് ഇന്ന് വൈകീട്ട് അഞ്ചിന് പറവൂർ പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നൽകുന്നുണ്ട്. നടൻ മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. സമൂഹം ഹൈസ്‌കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം ഒരുക്കുന്നത്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൗരാവലിയുടെ ആദരം നടൻ മോഹൻലാൽ സമർപ്പിക്കും. ജില്ലയിലെ മന്ത്രിമാരും നടൻ സലിംകുമാറും ചടങ്ങിൽ പങ്കെടുക്കും.
2,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിച്ചിട്ടുള്ളത്. വേദിക്ക് 60 അടി നീളവും 40 അടി വീതിയുമുണ്ട്. നേരത്തേ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 300 പേർക്ക് മുഖ്യമന്ത്രിയെ ആദരിക്കാൻ അവസരം നൽകും.
