ചായ എന്നത് ഇന്ത്യക്കാർക്ക് ഒരു പാനീയം മാത്രമല്ല, വികാരമാണ്. ഒരു ദിവസത്തിന്റെ തുടക്കവും സൗഹൃദസംഗമങ്ങളും മഴക്കാല ഓർമ്മകളും എല്ലാം ചായക്കപ്പുമായി ചേർന്നുനിൽക്കുന്നതാണ്. എന്നാൽ ആ പരമ്പരാഗത ചായക്കൂട്ടിലേക്ക് ഇപ്പോൾ പുതിയ രുചികളും ആരോഗ്യപ്രവണതകളും കടന്നുവരികയാണ്. ഇഞ്ചിച്ചായയോടുള്ള ഇഷ്ടം ഇപ്പോഴും കുറഞ്ഞിട്ടില്ലെങ്കിലും, പീച്ച് ടീ, കൊമ്പൂച്ച, ബ്ലൂ പീ ടീ തുടങ്ങി പുതിയ തലമുറയുടെ ചായപരീക്ഷണങ്ങളും ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്ന് ഇൻസ്റ്റാമാർട്ടിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025 ജൂൺ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ 130-ലധികം നഗരങ്ങളിൽ നിന്നുള്ള ഇൻസ്റ്റാമാർട്ട് ഓർഡറുകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പരമ്പരാഗത ചായകൾക്ക് ഇന്നും ആധിപത്യമുണ്ടെങ്കിലും ആരോഗ്യത്തിനും സൗകര്യത്തിനും മുൻഗണന നൽകുന്ന പുതിയ ചായവിഭാഗങ്ങൾ അതിവേഗം ജനപ്രീതി നേടുന്നതായാണ് കണ്ടെത്തൽ.
യാത്രകളിലും ഓഫീസുകളിലും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന ‘റെഡി-ടു-ഡ്രിങ്ക്’ ചായകളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 109 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഫേകളിൽ മാത്രം കണ്ടിരുന്ന പുതിയ ചായരുചികൾ ഇന്ന് വീടുകളിലേക്കും എത്തിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണിത്.
ഫ്ലേവർ ചായകളിൽ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് പീച്ച് ടിയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 62 മടങ്ങിലധികം വളർച്ചയാണ് ഈ ഫ്ലേവറിനുള്ളത്. ബ്ലൂ പീ ടീ (ശംഖുപുഷ്പം ചായ), കൊമ്പൂച്ച, തുളസി ചായ, ഗ്രീൻ ടീ എന്നിവയും ആരോഗ്യബോധമുള്ള ഉപഭോക്താക്കൾക്കിടയിൽ വേഗത്തിൽ പ്രചാരം നേടുകയാണ്.
ആരോഗ്യസംരക്ഷണത്തെ മുൻനിർത്തിയുള്ള ഭക്ഷണശീലങ്ങളും ആഗോള ഫുഡ് ട്രെൻഡുകളും ഈ മാറ്റത്തിന് പ്രധാന കാരണങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ ചായ തയ്യാറാക്കുന്നതിനേക്കാൾ വിവിധ രുചികളിലുള്ള തണുപ്പിച്ച ചായകൾ കുപ്പികളിൽ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.
ഇഞ്ചിച്ചായയുടെ ആധിപത്യം തുടരുന്നു
പുതിയ പരീക്ഷണങ്ങൾ എത്രയുണ്ടായാലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചായയായി ഇഞ്ചിച്ചായ (അദ്രക് ചായ്) തന്നെയാണ് ഒന്നാം സ്ഥാനത്ത്. ജിഞ്ചർ ടീ, പ്ലെയിൻ ബ്ലാക്ക് ടീ, ഏലക്ക ചായ, ഗ്രീൻ ടീ, മസാല ചായ് എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്ന അഞ്ച് പ്രധാന ചായകൾ.
പീച്ച് ടീയും കൊമ്പൂച്ചയും ശ്രദ്ധ നേടുന്നുണ്ടെങ്കിലും, ദൈനംദിന ജീവിതത്തിൽ ഇഞ്ചിച്ചായയുടെ സ്ഥാനം തകർക്കാൻ ഇതുവരെ മറ്റൊരു ചായയ്ക്കും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ചായപ്രേമികളിൽ ബെംഗളൂരു മുന്നിൽ; കേരളത്തിൽ തിരുവനന്തപുരത്തിനും കൊച്ചിക്കും നേട്ടം
രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരങ്ങളിൽ ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. മുംബൈയും ഹൈദരാബാദും തൊട്ടുപിന്നിലുണ്ട്. അതേസമയം, പുതിയ ചായരീതികൾക്കും ക്വിക്ക് കൊമേഴ്‌സ് ഓർഡറുകൾക്കും വേഗത്തിൽ സ്വീകാര്യത ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം, കൊച്ചി, ഭുവനേശ്വർ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.
ആഴ്ചയിലെ ദിവസങ്ങളിൽ ഞായറാഴ്ചയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്നത്. ശനിയാഴ്ചയും വ്യാഴാഴ്ചയുമാണ് തുടർന്ന്. അവധി ദിവസങ്ങളിലെ വിശ്രമവേളകളിൽ ഒരു ചൂടൻ ചായക്കപ്പിനൊപ്പം സമയം ചെലവഴിക്കാൻ ഇന്ത്യക്കാർ കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.
