പരിപ്പുവടയിൽ ഉപ്പ് കുറഞ്ഞതിന് തട്ടുകട തല്ലിത്തകർത്തു… ജീവനക്കാരന്റെ ദേഹത്തേക്ക്…

കൊല്ലം: കൊട്ടിയത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം തട്ടുകട അടിച്ചുതകർത്തതായി പരാതി. കടയിലെ തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയും അക്രമം തടയാൻ ശ്രമിച്ച കടയുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിക്കാനും ശ്രമിച്ചതായി കടയുടമയും തൊഴിലാളിയും പറയുന്നു. ഇന്നലെ വൈകിട്ട് 5.30ഓടെ പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജങ്ഷനിലായിരുന്നു സംഭവം.

കടയുടമ കൊല്ലം പള്ളിമുക്ക് സ്വദേശി ജെ. നാസിം, തൊഴിലാളി മോഹനൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

പ്രദേശത്ത് ലഹരിവിൽപ്പനയും ഗുണ്ടാപ്രവർത്തനങ്ങളും നടത്തുന്ന യുവാവും സുഹൃത്തുമാണ് ആക്രമണം നടത്തിയതെന്നാണ് കൊട്ടിയം പൊലീസിൽ നൽകിയ പരാതിയിലെ ആരോപണം. കടയിലെത്തിയ സംഘം പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തർക്കമുണ്ടാക്കിയെ ന്നാണ് നാസിം പറയുന്നത്.

വാക്കേറ്റം രൂക്ഷമായതോടെ കടയിലെ പലഹാരങ്ങൾ വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചതെന്നും പരാതിയിൽ പറയുന്നു. അക്രമം തടയാൻ ശ്രമിച്ച നാസിമിനെയും സംഘം ആക്രമിച്ചു. വടിവാൾ വീശിയപ്പോൾ കൈകൊണ്ട് തടയാൻ ശ്രമിച്ചെന്നും തുടർന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചെന്നുമാണ് പരാതി.

ആക്രമണം നടത്തിയവർ പ്രദേശത്ത് മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗുണ്ടാപ്പിരിവ് നടത്തുകയും ചെയ്യാറുണ്ടെന്ന് നേരത്തെയും പരാതിയുണ്ടായിരുന്നുവെന്നാണ് കടയുടമയുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!