കൊല്ലം : ഇറാനില്‍ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിനെ ഉടൻ നാട്ടിലെത്തിക്കുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കി കേന്ദ്രമന്ത്രി സുരേഷ്ഗോപി.
നാട്ടിലെത്താനുള്ള താത്കാലിക രേഖകള്‍ ഉടൻ കൈമാറും. ഇറാൻ അംബാസിഡറുമായി സംസാരിച്ചുവെന്നും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ അക്ഷയ്‌യെ നേരിട്ട് കാണുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. ഇതുവരെ ലഭിക്കുന്നത് ആശ്വാസകരമായ വിവരങ്ങളെന്ന് അക്ഷയ്‌യുടെ മാതാവ് പറഞ്ഞു.
ഇന്നലെ രാത്രി വരെ മകനുമായി ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. നിലവില്‍ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. വൈഫൈ കട്ട് ആയാല്‍ ബന്ധപ്പെടാൻ കഴിയില്ല എന്നൊരു ആശങ്ക മാത്രമാണ് ഉള്ളതെന്നും അക്ഷയ്യുടെ അമ്മ സരിത പറഞ്ഞു.
പാസ്പോർട്ട് ഉള്‍പ്പടെ നഷ്ട്മായതിനെ തുടർന്നാണ് അക്ഷയ് ഇറാനില്‍ പെട്ടത്. അക്ഷയ്ക്ക് കപ്പലില്‍ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലില്‍ വാച്ച് കീപ്പർ ആണ് അക്ഷയ്. 11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു.
ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജന്‍റ് കൊണ്ടുപോയത്. എന്നാല്‍ ഷിപ്പിന്‍റെ യാത്ര എപ്പോഴും ഇറാനിലേക്കാ യിരുന്നു. യുദ്ധം കാരണം നിലച്ച കപ്പല്‍ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനില്‍ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോള്‍ പാസ്പോർട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് ചോദിച്ചപ്പോള്‍, പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെന്നും ഇല്ലെന്നാണ് മറുപടി കിട്ടിയതെന്നും അക്ഷയ് പറയുന്നു.
